ബെംഗളൂരു:കന്നുകാലി കശാപ്പ് നിരോധന ബില്ലിനെ ചൊല്ലി കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ സംഘര്‍ഷം. ബില്ലിന് അനുകൂലമായി നിലപാടെടുക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ധര്‍മ ഗൗഡയെ കോണ്‍ഗ്രസ് എം എല്‍ സിമാര്‍ കൈയേറ്റം ചെയ്തു. ഗവര്‍ണറുടെ പ്രത്യേക അനുമതിയോടെ ചേര്‍ന്ന സഭാ യോഗത്തിലാണ് കൈയാങ്കളി ഉള്‍പ്പെടെയുണ്ടായത്.
ബില്ലിനെ എതിര്‍ക്കുന്ന സ്പീക്കര്‍ പ്രതാപ ചന്ദ്ര ഷെട്ടിക്കെതിരെ ബി ജെ പി അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് കൗണ്‍സിലില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. അവിശ്വാസ പ്രമേയം കൊണ്ടുവന്ന സമയത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. പിന്നീട് സഭയിലേക്കെത്തിയ സ്പീക്കറെ ബി ജെ പി തടഞ്ഞുവച്ചു. എന്നാല്‍, വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ സഭയിലെത്തിയ സ്പീക്കര്‍ അനിശ്ചിത കാലത്തേക്ക് കൗണ്‍സില്‍ പിരിച്ചുവിട്ടു.
കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമമാകണമെങ്കില്‍ നിയമ നിര്‍മാണ കൗണ്‍സിലിന്റെ ഭൂരിപക്ഷം വേണം. എന്നാല്‍, കൗണ്‍സിലില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. 75 അംഗ കൗണ്‍സിലില്‍ 31 അംഗങ്ങള്‍ മാത്രമാണ് ബി ജെ പിക്കുള്ളത്. 28 അംഗങ്ങളുള്ള കോണ്‍ഗ്രസും 14 അംഗങ്ങളുള്ള ജെ ഡി എസും ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.