നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറില്ല, സർക്കാരിന്റെ ഹർജി സുപ്രീംകോടതി തളളി
ജഡ്ജിയെ സമ്മർദത്തിലാക്കരുതെന്നും കോടതി
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തളളി. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ജഡ്ജി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപണം ഉയർത്തി കോടതി മാറ്റാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.കോടതി ഒരു തീരുമാനമെടുത്താൽ നിയമപരമായി അത് ചോദ്യം ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടത്. അതല്ലാതെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുന്നത് ശരിയായ രീതിയല്ല. വിചാരണ കോടതി മാറ്റണന്ന ആവശ്യത്തോട് യോജിക്കാനാകില്ല. വിചാരണ കോടതി വിധിയോട് സർക്കാരിന് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.വലിയ തോതിലുളള മാദ്ധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാൽ ജഡ്ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമർശങ്ങൾ ജഡ്ജിക്ക് എതിരെയോ കോടതിയ്ക്ക് എതിരെയോ ഉണ്ടാകാൻ പാടുളളതല്ലെന്ന നിരീക്ഷണവും സുപ്രീംകോടതി മുന്നോട്ട്വച്ചു.രഹസ്യ വിചാരണയായിട്ടും ഇരുപതോളം അഭിഭാഷകരുടെ സാന്നിദ്ധ്യം കോടതിയിലുണ്ടായിരുന്നുവെന്നും ഇരയെ അവഹേളിക്കുന്ന തരത്തിലുളള പരാമർശങ്ങളാണ് വിചാരണ കോടതി ജഡ്ജിയിൽ നിന്നുണ്ടായതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ സുപ്രീം കോടതി ഈ വാദങ്ങൾ മുഖവിലയ്ക്കെടുത്തില്ല. അതേ സമയം, പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവച്ച സാഹചര്യത്തിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു.