സിബിഐ സംഘം കല്യോട്ട്, ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം പുനരാവിഷ്കരിക്കുന്നു, നീക്കം നോക്കിക്കണ്ട് സിപിഎം
കാസര്‍കോട് : പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം പെരിയയിലെത്തി. കൊലപാതകം നടന്ന സ്ഥലത്ത് എത്തിയ സിബിഐ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം പുനരാവിഷ്കരിച്ചു. സംഭവത്തിലെ ദൃസാക്ഷികളെ ഉള്‍പ്പെടെ സിബിഐ വിളിച്ചുവരുത്തിയിട്ടുണ്ട്. വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ളവയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. യുവാക്കളെ മുഖം മൂടി ധരിപ്പിച്ച് രംഗത്തിറക്കിയാണ് അക്രമം സിബിഐ പുനരാവിഷ്കരിക്കുന്നത്.
തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന് നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പെരിയയിലെത്തിയത്. കല്യോട്ട് നിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ ഒളിച്ചിരുന്ന സംഘം ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന കൂരങ്കര റോഡിലാണ് സംഭവം പുനരാവിഷ്കരിക്കുന്നത്. കൃപേഷും ശരത് ലാലും വെട്ടേറ്റ് വീണ് കിടക്കുന്നത് കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരായിരുന്നു. ഈ ജീപ്പില്‍ കയറ്റിയാണ് ശരത് ലാലിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഈ ജീപ്പും സിബിഐ സംഘം സ്ഥലത്തെത്തിച്ചിട്ടുണ്ട്. ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളോട് സിബിഐ സംഘം സംസാരിച്ചിരുന്നു.
2019 ഫെബ്രുവരി 17നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന ശക്തികളെ സംബന്ധിച്ചാകും സി.ബി.ഐയുടെ അന്വേഷണം.
അതേസമയം സിബിഐ അന്വേഷണ നീക്കങ്ങൾ സിപിഎം ജില്ലാ നേതൃത്വം ഗൗരവമായി വീക്ഷിച്ചുവരികയാണ്.