നീലേശ്വരം: നഗരസഭയിലെ പള്ളിക്കര പതിനാലാം വാർഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഗിരീശൻ വട്ടപ്പൊയിലിനു നേരെ അതിക്രമം. തിരഞ്ഞെടുപ്പ് പോളിംഗ് പൂർത്തിയായ ശേഷം പുറത്തിറങ്ങവെ മുളക് കലക്കിയ വെള്ളം ഗിരീശന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പരിക്കേറ്റ സ്ഥാനാർത്ഥി കുന്നുമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പരാജയം മണത്ത സിപിഎം അക്രമം അഴിച്ചു വിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
നേരത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് സിസി ടിവി സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ട ബൂത്തുകളിലൊന്നാണ് പതിനാലാം വാർഡ്.അതേസമയം കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. ചെറുവത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കാടങ്കോട് നെല്ലിക്കാലിലെ യുഡിഎഫ് സ്ഥാനാർത്ഥി കെവി ഇന്ദുലേഖയുടെ ഭർത്താവും വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടുമായ പത്തിൽ സുരേശന്റെ ഓട്ടോ റിക്ഷയാണ് ഇന്നലെ രാത്രിയോടെ അഗ്നിക്കിരയാക്കിയത്. കാവുംചിറയിലെ വീട്ടു പരിസരത്ത് നിർത്തിയിട്ടിരുന്ന കെഎൽ 60 ഡി 6453 നമ്പർ റിക്ഷയാണ് കത്തിച്ചത്. ഓട്ടോ പൂർണ്ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി.
അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിച്ചു.
പരാജയ ഭീതി പൂണ്ട എൽഡിഎഫുകാർ അക്രമം അഴിച്ചു വിടുകയാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും യുഡി എഫ് ചെറുവത്തൂർ പഞ്ചായത്ത് നേതൃത്വം ആവശ്യപ്പെട്ടു.