‘നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണം’; ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
കൊച്ചി: ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹരജിയില്‍ പറയുന്നത്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹരജി.
സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികള്‍ ഹരജി നല്‍കിയത്.
വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ആണെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.