ബംഗളൂരു: ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറി ജീവനക്കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ 132 പേരെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഫാക്ടറിയില്‍ ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ശമ്പളം കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിര്‍മാണശാലയ്ക്കെതിരെ ജീവനക്കാര്‍ അക്രമം നടത്തിയത്.
സ്ഥാപനത്തിലെ ഭൂരിപക്ഷം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയാണെന്നും ഇതിനുപുറമെ ശമ്പളം വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെയാണ് അവര്‍ പ്രകോപിതരായതെന്നും ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു. ജീവനക്കാര്‍ ഓഫീസിനുനേരെ കല്ലെറിയുകയും കമ്പനിയുടെ വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. അമേരിക്കയിലെ ആപ്പിള്‍ കമ്പനിക്കുവേണ്ടി ഐഫോണ്‍ നിര്‍മിച്ചുനല്‍കുന്ന തായ് വാനീസ് ടെക് കമ്പനിയായ വിസ്ട്രന്‍ ഇന്‍ഫോകോം ആണ് തകര്‍ക്കപ്പെട്ടത്.
നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് കമ്പനി ഇത് വിലയിരുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഇന്‍സ്പെക്ടര്‍ ജനറല്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ലേബര്‍ കമ്മീഷണറെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാത ഷിഫ്റ്റിലെ തൊഴിലാളികളാണ് ആക്രമണം നടത്തിയത്. ഓഫീസിന് നേരെ കല്ലെറിയുകയും ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവ തീയിട്ടും മറ്റും നശിപ്പിച്ചു.
അക്രമത്തെ അപലപിച്ച ഉപമുഖ്യമന്ത്രി സി. എന്‍. അശ്വത് നാരായണന് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞു. ഐടി-ബിടി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ നാരായണന് സംഭവം നിര്‍ഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ചു. ”ജീവനക്കാര്‍ മറ്റാരെങ്കിലുമാകട്ടെ, പ്ലാന്റിനെ ആക്രമിക്കാനും അതിന്റെ സ്വത്ത് നശിപ്പിക്കാനും ഉത്തരവാദിയായവര്‍ കര്‍ശന നടപടി നേരിടേണ്ടിവരും,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ബെംഗളൂരുവില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയാണ് കോലാറിലെ നരസപുര വ്യവസായ മേഖലയില്‍ 43 ഏക്കറില്‍ സ്ഥാപിച്ച ഐഫോണ്‍ പ്ലാന്റ്. ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണ്‍ ആയ ഐഫോണ്‍ എസ്ഇ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉല്‍പ്പന്നങ്ങള്‍, ബയോടെക് ഉപകരണങ്ങള്‍ എന്നിവ ഇവിടെ നിര്‍മിക്കുന്നു.