പയ്യന്നൂർ :സാക്ഷി പറഞ്ഞതിൻ്റെ വൈരാഗ്യം വയോധിക കുത്തേറ്റു മരിച്ചതിൽ കലാശിച്ചു. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കൽ റാഹേൽ (72) ആണ് മരിച്ചത്. ക്രിമിനൽ ക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ പരോളിലെത്തിയ ബന്ധുവായ യുവാവ് മുൻവൈരാഗ്യത്തെ തുടർന്ന് അക്രമം നടത്തുകയായിരുന്നു. കുത്തേറ്റ മറ്റ് രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റാഹേലിൻ്റെ ഭർത്താവ് പൗലോസ് (78), മകൻ ഡേവിഡ് (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പൗലോസിന്റെ സഹോദര പുത്രൻ ബിനോയ് (40) ആണ് അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരനെ കുത്തിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. ഈ കേസിലെ സാക്ഷികളായിരുന്നു കത്തേറ്റു മരിച്ച റാഹേലും, ഭർത്താവും, മകനും. ഇയാൾ അടുത്തിടെയാണ് ചീമേനി തുറന്ന ജയിലിൽ നിന്നും പരോളിൽ ഇറങ്ങിയത്. സംഭവത്തിന് ശേഷം നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുപുഴ പോലീസ് എത്തിയാണ് കുത്തേറ്റവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. അക്രമം നടത്തിയ യുവാവ് ഒളിവിൽ പോയി. യുവാവ് ഇന്നലെ രാവിലെ മുതൽ തന്നെ ഇവരുടെ വീട്ടിലെത്തി വഴക്കിട്ടതായി പറയുന്നു. മരണപ്പെട്ട റാഹേലിന്റെ മ്യതദേഹം പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.