പള്ളിക്കര: യുഡിഎഫ് പളളിക്കര പഞ്ചായത്ത് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് പഞ്ചായത്തു പ്രസിഡണ്ടുമായ ഹനീഫ കുന്നിലിനെ ഐ എൻ എൽ പ്രവർത്തകർ ആക്രമിച്ചു.പരിക്കേറ്റ അദ്ദേഹത്തെ ബേക്കൽ പോലീസ് കാസർഗോഡ് കേർ വെൽ ഹോസ്പിറ്റലിൽ എത്തിച്ച് അഡ്മിറ്റ് ചെയ്തു. ബൂത്ത് ഏജൻസി ഫോറം നൽകി ബൂത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അക്രമം. തുടർന്ന് പ്രകോപനം സൃഷ്ടിച്ച ഐ എൻ എൽ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. ബേക്കൽ എസ്.ഐ അജിത്ത് കുമാർ അടക്കം നിരവധി പോലീസ്ക്കാർക്ക് പരിക്ക് പറ്റി.
സമാധാനപരമായ പോളിംഗ് നടത്തുന്നതിനാവശ്യമായ ചർച്ച ചെയ്യാൻ പോലീസ് സ്റ്റേഷനിൽ നേതാക്കളെ വിളിപ്പിക്കുകയും ചർച്ച ചെയ്യുന്നതിനിടയിൽ മുൻ എം.എൽ എ യും സി.പി.എം നേതാവുമായ കെ വി കുഞ്ഞിരാമൻ കോൺഗ്രസ്സുകാരോട് സംസാരിക്കാനില്ലെന്ന പറഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലുമായി തർക്കിക്കുകയുമുണ്ടായതായി യുഡിഎഫ് ആരോപിച്ചു. സമാധാനപരമായ പോളിംഗ് നടത്താൻ യുഡിഎഫ് എല്ലാ വിട്ടുവീഴ്ചകളും ചെയ്യുമെന്ന് സ്റ്റേഷനിൽ എത്തിയ നേതാക്കളായ ഹക്കീം കുന്നിൽ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട് എന്നിവർ പറഞ്ഞു. എൽ ഡി എഫി നെ പ്രതിനിധികരിച്ച് കെ.വി.കുഞ്ഞിരാമൻ, മധു മുതിയക്കാൽ, കെ.മണി കണ്ഠൻ തുടങ്ങിയവരും ഉണ്ടായി. ബേക്കൽ ഹദ്ദാദ് പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ വ്യന്യസിച്ചു.