യുവതിയെ എയർഗണ്‍ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പുഴയില്‍ ചാടിയ യുവാവ് മരിച്ചു
ചാലക്കുടി : ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന് നൈജോ (31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വെട്ടുകടവ് പാലത്തിന് സമീപത്താണ് സംഭവം. അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നൈജോ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ചെറായി സ്വദേശിയായ 39 കാരിയെ ഒരുമാസം മുമ്പ് വെട്ടുകടവിലുള്ള വീട്ടിലേക്ക് നൈജോ കൂട്ടിക്കൊണ്ടുവന്നിരുന്നു. ഇവരുമായി ഞായറാഴ്ച വഴക്കിട്ടു. ഇതിനിടയില്‍ വീട്ടിലുള്ള എയര്‍ഗണ്ണിന്റെ പാത്തികൊണ്ട് യുവതിയെ അടിച്ചു. ബഹളം കണ്ട് നൈജോയുടെ അമ്മ ഒച്ചവെച്ചപ്പോള്‍ നാട്ടുകാരും ഓടിക്കൂടി. ഇതിനിടയിലാണ് ഇയാള്‍ ഓടി പുഴയിലേക്ക് ചാടിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു. അമ്മ: റോസിലി. സഹോദരി: മീര.