കോഴിക്കോട്; കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേരുടെ മരണത്തിൽ ദുരൂഹതപടർന്നതിനെ തുടർന്ന് കൂടത്തായി പള്ളി സെമിത്തേരിയിൽ അടക്കംചെയ്ത നാലുപേരുടെ കല്ലറ തുറന്ന് മൃതദേഹങ്ങൾ പരിശോധിക്കാൻ ആരംഭിച്ചു. ഫോറൻസിക് സയന്റിഫിക് വിദഗ്ധരാണ് പരിശോധന നടത്തുന്നത്. 10മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം പരിശോധിക്കുന്നത്. കോടഞ്ചേരി പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദേഹങ്ങളാണ് ആദ്യം പരിശോധിക്കുക.
16 വർഷങ്ങൾക്കുമുമ്പ് ഒരു കുടുംബത്തിലെ ആറുപേർ വിവിധ കാലയളവിൽ മരിച്ചതാണ് ദുരൂഹമായിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ൽ ആദ്യം മരിക്കുന്നത്. ഒരു വർഷത്തിനുശേഷം ടോം തോമസും മരിച്ചു. അടുത്ത ഒരു വർഷത്തെ ഇടവേളയിൽ മകൻ റോയിയും മരണത്തിന് കീഴടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ പുലിക്കയം സ്വദേശി സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൻ ആൽഫിൻ(2) എന്നിവരും മരിച്ചു.
പലരും കുഴഞ്ഞുവീണാണ് മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ. മരിച്ച റോയിയുടെ അമേരിക്കയിൽ ജോലിയുള്ള സഹോദരൻ റോജോ നാട്ടിലെത്തിയപ്പോൾ പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയതറിഞ്ഞു. ഇതിൽ സംശയം തോന്നിയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. റോജോയുടെ പരാതിയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ഇതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് മൃതദേഹങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി പി ഹരിദാസ് ആണ് കേസ് അന്വേഷിക്കുന്നത്. മരിച്ചവരിൽ നാലുപേരുടെ മൃതദേഹം കൂടത്തായി സെമിത്തേരിയിലാണ് അടക്കംചെയ്തത്. മറ്റു രണ്ടുപേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലും.