എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന് കെ സുരേന്ദ്രൻ; ചരിത്ര വിജയം നേടുമെന്ന് അബ്ദുള്ളക്കുട്ടി
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഉജ്വല മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിക്കെതിരെ ശക്തമായ വികാരം സംസ്ഥാനത്തുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് സ്വന്തം ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ എൻഡിഎയ്ക്ക് നേട്ടമാകും. കോൺഗ്രസ് ജമാ അത്ത് കൂട്ടുകെട്ട് യുഡിഎഫിന് തിരിച്ചടി ഉണ്ടാക്കും. കൂട്ടുകെട്ടിൽ നേട്ടം ജമാ അത്തെ ഇസ്ലാമിക്ക് മാത്രമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇത്തവണ ബിജെപി ചരിത്ര വിജയം നേടുമെന്ന് ദേശിയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ പോലും ബിജെപി ആധിപത്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന് ഡിവിഷനിൽ ഗവ: ഹൈസ്ക്കൂൾ
പള്ളിക്കുന്നിലായിരുന്നു അദ്ദേഹത്തിന് വോട്ട്.