വൈദ്യുതി ബില്‍ കണക്കില്‍ കൃത്രിമം കാണിച്ച് 67,100 രൂപയുടെ വെട്ടിപ്പ് നടത്തിയ കെഎസ്ഇബി ജീവനക്കാരനെതിരെ കേസ്
തൃക്കരിപ്പൂര്‍: ഉപഭോക്താക്കള്‍ ഒടുക്കിയ വൈദ്യുതി ബില്ലില്‍ വെട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരെ കേസ്. പടന്ന സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്കിയ പരാതിയില്‍ തൃക്കരിപ്പൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്മാന് വി രാജീവനെ(45)തിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
പടന്ന സെക്ഷന്‍ ഓഫീസില്‍ ലൈന്മാന് തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ കാഷ് കൗണ്ടറിലും രാജീവന് സേവനം നടത്തിയിരുന്നു. 2018 മുതല്‍ കൗണ്ടറില്‍ സേവനം ചെയ്ത രാജീവന് ഉപഭോക്താക്കള്‍ അടച്ച ബില്ലില്‍ 67,100 രൂപയുടെ വെട്ടിപ്പ് നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. ഉപഭോക്താക്കളില്‍ നിന്നും ബില്‍ തുക കൃത്യമായി വാങ്ങുകയും എന്നാല്‍ കണക്കില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാണ് പരാതി. ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട് കെഎസ്ഇബി വിജിലന്‍സ് വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.