രക്തദാനം എന്ന മഹാ ഉദ്യമം നെഞ്ചിലേറ്റി സമൂഹത്തിന് പ്രചോദനമായി ബേഡകത്തെ ഹരികൃഷ്ണന്
ബേഡകം: സ്ഥിരമായി ഓരോ ആറു മാസത്തെ ഇടവേളയ്ക്കു ശേഷം രക്തദാനം ചെയ്തുകൊണ്ട് സമൂഹത്തിന് പ്രചോദനം ആവുകയാണ് കാസര്‍കോട് ജില്ലയിലെ ബേഡകം കുണ്ടൂച്ചി സ്വദേശിയായ ഹരികൃഷ്ണന് നായര്‍ എന്ന യുവാവ്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ എന്‍എസ്എസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഒരു കൗതുകത്തിന് വേണ്ടി തുടങ്ങിയത് പിന്നീടങ്ങോട്ട് സ്ഥിരമാക്കി. ഡിഗ്രി പഠിക്കുന്ന സമയത്ത് മംഗളൂരു കെഎംസി, ഫാദര്‍ മുള്ളര്സ,് എജെ ഹോസ്പിറ്റല്‍, കാസര്‍കോട് ജില്ലാ ആശുപത്രി, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രക്തദാനം ചെയ്തിരുന്നു. ഇതുവരെയായി പത്തിലേറെ തവണ രക്തദാനം ഈ 23 കാരന് പൂര്‍ത്തിയാക്കി. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാര്‍മസി ഡിഗ്രി പൂര്‍ത്തിയാക്കിയ ഹരികൃഷ്ണന് നിലവില്‍ ഒരു വര്‍ഷത്തോളമായി കാസര്‍ഗോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.