തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ കുതിച്ച് ചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുമെന്ന് സൂചന നല്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരാനിരിക്കുന്നത് വന്‍ കൊവിഡ് വ്യാപന സാഹചര്യമാണ്. ഇത് മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.എല്ലാവരും സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്ത് പോകരുതെന്നും പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തോടൊപ്പം മരണനിരക്കിലും വര്‍ദ്ധനവുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. മുന്‍പ് ലോക്ഡൗണ്‍ മാറ്റിയപ്പോള്‍ രോഗനിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. അതിനെക്കാളും അധികമായ രോഗവ്യാപന സാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കെ.കെ.ശൈലജ അറിയിച്ചു.കൊവിഡ് ചട്ടലംഘനം നടത്തിയതിന് ഇന്നലെ തിരുവനന്തപുരത്തെ പോത്തീസ് അടച്ചുപൂട്ടിയ നടപടിയില്‍ ജില്ലാ ഭരണകൂടത്തിന് അനുകൂലമായി മന്ത്രി പ്രതികരിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് പോത്തീസില്‍ നടന്നതെന്നും വില കുറച്ച് വില്‍ക്കാം എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണമായിരുന്നു അവയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സാമ്പത്തികശേഷിയുളളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.