കെ എസ് ആര് ടി സിയില്‍ നിന്ന് വിരമിച്ചയുടനെ ടിപ്പര്‍ ലോറിയില്‍ ഡ്രൈവറായി കയറി; നാലാം ദിനം ക്വാറിയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് ദാരുണാന്ത്യം
വയനാട്: കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ശേഷം ടിപ്പര്‍ ലോറിയില്‍ ഡ്രൈവറായി ജോലിക്ക് കയറിയയാളെ നാലാം ദിനം തന്നെ മരണം തേടിയെത്തി. മാനന്തവാടി പിലാക്കാവ് സ്വദേശി സില്‍വന്‍ എന്ന് വിളിക്കുന്ന സില്‍വസ്റ്റന്‍ (57) ആണ് മരിച്ചത്. ക്വാറിയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണായിരുന്നു മരണം. കെ.എസ്.ആര്.ടി.സിയില്‍ ഡ്രൈവറായിരുന്ന സില്‍വന്‍ നാലു ദിവസം മുമ്പാണ് സര്‍വിസില്‍ നിന്ന് പിരിഞ്ഞ് ടിപ്പറില്‍ ജോലിക്ക് കയറിയത്.
കടച്ചികുന്നിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കടച്ചിക്കുന്നിലെ സ്വകാര്യ കാപ്പിത്തോട്ടത്തിനുള്ളില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ക്വാറിയില്‍ പാറയുടെ മുകളിലുള്ള മണ്ണ് നീക്കി തെളിക്കുന്നതിനിടെ മണ്ണും കൂറ്റന്‍ പാറകളും ടിപ്പറിന് മുകളിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പാറ തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ജോളി. മക്കള്‍: രചന, റെല്‍ജിന്‍.