ഹോസ്ദുര്‍ഗ് താലൂക്ക് രാത്രികാല മണല്‍ സ്ക്വാഡ് 7 വാഹനങ്ങളും ജെസിബിയും പിടിച്ചെടുത്തു
വരും ദിവസങ്ങളില്‍ രാത്രികാല പരിശോധന ശക്തമാക്കും
ഹോസ്ദുര്‍ഗ് താലൂക്കിലെ രാത്രികാല മണല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ വിവിധ ദിവസങ്ങളായി നടത്തിയ പരിശോധനയില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഏഴ് വാഹനങ്ങളും ജെസിബിയും പിടിച്ചെടുത്തു. മൂന്ന് ടോറസ്സും പിക്ക്-അപ്പ് വാനും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങളും ജെസിബിയും ആണ് പിടിച്ചെടുത്തത്. നീലേശ്വരം വില്ലേജില്‍ നടുകണ്ടത്ത് പുഴയുടെ സമീപത്ത് അനധികൃതമായി കൂട്ടിയിട്ട ഒരു ലോഡ്മണല് കസ്റ്റഡിയിലെടുക്കാനും നിര്‍ദ്ദേശം നല്കി.കരമണല്‍ ഖനനം നടത്തിയ പ്രദേശത്തെ ഭൂഉടമയ്ക്ക് എതിരെയും നടപടി സ്വീകരിച്ചു.പള്ളിക്കര,ബേക്കല്‍,നീലേശ്വരം,വലിയപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ തീരപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ നടക്കുന്ന അനധികൃത മണല്‍ ഖനനം തടയുന്നതിനാണ് രാത്രികാല മണല്‍ സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചത്.ജില്ലാ കളക്ടര്‍ ഡോ സജിത് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം സബ്കളക്ടര്‍ അരുണ്‍ കെ വിജയന്റെ മേല്‍നോട്ടത്തിലാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്,ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ വി വിനോദ്,ഹോസ്ദുര്‍ഗ് താലൂക്ക് റവന്യൂ ജീവനക്കാര്‍ എന്നിവരാണ് രാത്രികാല മണല്‍ സ്ക്വാഡില്‍ പ്രവര്‍ത്തിക്കുന്നത് .സെപ്തംബര്‍ 27 മുതലാണ് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചത്.
തുടര്‍ ദിവസങ്ങളിളും രാത്രികാല മണല്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. ഹോസ്ദുര്‍ഗ്ഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുഴ മണല്‍,കര മണല്‍ എന്നിവയുടെ ഖനനം,കടത്ത് തടയുന്നതിന് വേണ്ടിയാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.