പാലാരിവട്ടം: ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഒപ്പിട്ടതെന്ന് ഇബ്രാഹിം കുഞ്ഞ്; മന്ത്രി റബ്ബര്‍ സ്റ്റാംപ് ആണോ എന്ന് കോടതി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഉദ്യോഗസ്ഥരെ പഴിചാരി മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കോടതിയില്‍ വ്യക്തമാക്കി. പാലാരിവട്ടം മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യാപേക്ഷയിലാണ് ഇബ്രാഹിംകുഞ്ഞ് ഇക്കാര്യം പറഞ്ഞത്. അങ്ങനെയെങ്കില്‍ മന്ത്രി റബ്ബര്‍ സ്റ്റാംപ് ആണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. ജാമ്യാപേക്ഷയില്‍ വിധിപറയാനായി തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി.
നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയിലൂടെ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചത്. നിയസഭാ സ്പീക്കര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നത് തെറ്റല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ 13 കോടി രൂപ അഡ്വാന്‍സ് നല്‍കിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോ എന്ന് ജാമ്യഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. ചികിത്സയ്ക്കായി സ്വയം തിരഞ്ഞെടുത്ത ആശുപത്രിയില്‍നിന്ന് അടിയന്തിരമായി എന്തിന് പുറത്തു കടക്കണമെന്ന് കോടതി ചോദിച്ചു. പി.ഡബ്ല്യു.ഡി കരാറുകളില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്കാന് നിയമം അനുവദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
മേല്‍പാലം നിര്‍മാണ കരാര്‍ ആര്.ഡി.എസ് കമ്പനിക്ക് നല്കാന് ടെന്‍ഡറിനു മുന്‍പുതന്നെ തീരുമാനിച്ചിരുന്നെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2013ല്‍ മസ്കറ്റ് ഹോട്ടലില്‍ ഇതിനായി ഗൂഢാലോചന നടത്തി. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യണമെന്നും ജാമ്യം നല്കിയാല് അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.