കണ്ണൂരില്‍ വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരിക്കെ ഭൂമിയില്‍ അഗാധഗര്‍ത്തം; വീട്ടമ്മ താഴേക്ക് പതിച്ചു, ഭൂമിക്കടിയിലൂടെ അയല്‍വാസിയുടെ കിണറിലെത്തിയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
കണ്ണൂര്‍: വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരിക്കെ ഭൂമിയില്‍ അഗാധഗര്‍ത്തം പ്രത്യക്ഷപ്പെടുകയും വീട്ടമ്മ താഴേക്ക് പതിക്കുകയും ചെയ്തു. കണ്ണൂര്‍ ആയിപ്പുഴയിലാണ് സംഭവം. ഭൂമിക്കടിയിലൂടെ അയല്‍വാസിയുടെ കിണറിലെത്തിയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആയിപ്പുഴ ഗവ. യു പി സ്കൂളിനു സമീപത്തെ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് ഭൂമിക്കടിയിലേക്ക് പതിച്ചത്.
വീടിനു പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്നു ഉമൈബ. പെട്ടെന്ന് ഭൂമി താഴ്ന്ന് സമീപത്തെ പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. സമീപത്ത് രൂപം കൊണ്ട കുഴിയിലേക്ക് വീണതോടെ അപ്രത്യക്ഷമായ ഉമൈബ ഉടന്‍ അടുത്തുള്ള വീടിന്റെ കിണറ്റില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഭൂമിക്കടിയില്‍ രൂപപ്പെട്ട ഗുഹയിലൂടെയാണ് അപ്പുറത്തുള്ള കിണറ്റിലേക്ക് പതിച്ചത്.
കിണറ്റില്‍ വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് കിണറ്റില്‍ ഉമൈബയെ കണ്ടെത്തിയത്. 25 കോല് ആഴമുള്ള കിണറിലാണ് വീട്ടമ്മ പതിച്ചത്. പൊലീസും, ഫയര്‍ഫോഴ്സും എത്തും മുമ്പെ നാട്ടുകാര്‍ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു. സംഭവ സ്ഥലം നിരീക്ഷണത്തിലാണ്.