രാജസ്ഥാനില്‍ ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ ബിജെപിയോട് കൈകോര്‍ത്ത് കോണ്‍ഗ്രസ്
ജയ്പൂര്‍: ഇന്ത്യയിലെ ചിരവൈരികളെന്നാണ് ബിജെപിയേയും കോണ്‍ഗ്രസിനെയും വിലയിരുത്തുന്നത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ ഏറ്റവും എതിര്‍ക്കുന്നതും ശക്തമായി വിമര്‍ശിക്കുന്നതും കോണ്‍ഗ്രസാണ് താനും. എന്നാല്‍ രാജസ്ഥാനില്‍ സിലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി) യെ അകറ്റി നിര്‍ത്താന്‍ പിണക്കം മറന്ന് ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു. ദുംഗാര്‍പൂരില്‍ ബിജെപിയുടെ പ്രതിനിധിയായ സിലാ പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ പിന്തുണച്ചത് കോണ്‍ഗ്രസ്.
കഴിഞ്ഞയാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലായിരുന്നു സംഭവം. എല്ലാ തെരഞ്ഞെടുപ്പിലും സ്വതന്ത്രന്മാര്ക്ക് പിന്തുണ നല്‍കുന്നതാണ് സ്വന്തം പേരില്‍ ഒരു എംപിയോ എംഎല്‍എ യോ ഇല്ലാത്ത ബിടിപിയുടെ രീതി. 27 സിലാ പരിഷത്ത് സീറ്റുകളിലേക്കുളള മത്സരത്തില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് കീഴില്‍ 13 സ്വതന്ത്രന്മാരാണ് ജയിച്ചു കയറിയത്. ബിജെപി എട്ടു സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും വിജയിച്ചിരുന്നു. എന്നാല്‍ സിലാ പ്രമുഖിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കളോ പ്രദേശിക നേതാക്കളോടോ പോലും ആലോചിക്കാതെ ബിജെപിയ്ക്ക് പിന്തുണ നല്കാന് കോണ്‍ഗ്രസ് പെട്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയായ സൂര്യ അഹാരിയെ പ്രമുഖനാക്കാന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചിര വൈരികകള് ശത്രുത മറന്ന് കൈകോര്‍ക്കുകയായിരുന്നു. ഒരു കോണ്‍ഗ്രസ് പ്രതിനിധിയുടെ പിന്തുണയില്‍ സിലാ പ്രമുഖിനെ കിട്ടുമെന്ന് സ്വപ്നം കണ്ടിരിക്കെയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ തങ്ങള്‍ ബിജെപിയുമായി കൈ കോര്‍ക്കുകയാണെന്നും സിലാ പ്രമുഖായി അഹാരിയെ തെരഞ്ഞെടുക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. ബിജെപിയും കോണ്‍ഗ്രസും കൈ കോര്‍ത്തതോടെ അഹാരിക്ക് 14 വോട്ടുകള്‍ കിട്ടി. അഹാരിയുടെ എതിരാളിയായ ബിടിപി പിന്തുണച്ച പാര്‍വ്വതി ദേവിക്ക് കിട്ടിയത് 13 വോട്ടുകളും.
അതേസമയം ബിജെപിയുമായി ഒരുമിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും വന്‍ ഷോക്കായി. തങ്ങളോട് ഇക്കാര്യം ആലോചിക്കുകയോ പറയുകയോ പോലും ചെയ്യാതെയാണ് നീക്കമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു ബിജെപി യും പ്രതികരിച്ചു. അതേസമയം തങ്ങള്‍ പിന്തുണ നല്കുന്ന സ്വതന്ത്രരെ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനു പിന്നില്‍ അണിനിരത്തിയവരാണ് ബിടിപി. രാജ്യസഭാ തെരഞ്ഞെടുപ്പിലും അടുത്തിടെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിലും ഗെലോട്ടിന് ഒപ്പം നിന്ന ബിടിപി ഇതോടെ കോണ്‍ഗ്രസുമായുള്ള ബന്ധം വിഛേദിക്കാനൊരുങ്ങുകയാണ്.
രാഷ്ട്രീയ ഇടങ്ങളില്‍ നിന്നും ബിടിപിയെ അകറ്റി നിര്‍ത്താനാണ് ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. അടുത്തിടെ ദക്ഷിണ രാജസ്ഥാനില്‍ ബിടിപി നല്ല മുന്നേറ്റം നടത്തുന്നുണ്ട്. പ്രത്യേകിച്ചും ഗോത്രവര്ഗ്ഗത്തില് പെട്ട യുവാക്കള്‍ക്കിടയില്‍. ഇത് ദേശീയ പാര്‍ട്ടികള്‍ക്ക് ആശങ്കയായി മാറിയിട്ടുണ്ട്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ദേശീയ പാര്‍ട്ടികള്‍ക്ക് ഗോത്രവര്‍ഗ്ഗ മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് ബിടിപി സൃഷ്ടിക്കുന്നത്. ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ബിജെപി മികച്ച പ്രകടനമാണ് നടത്തിയത്.