യു പി യിൽ ‘ലൗ ജിഹാദ്’ ആരോപണം; പോലീസ് മുസ്ലിം ദമ്പതികളുടെ വിവാഹം തടഞ്ഞു, വധൂവരന്മാരെ സ്റ്റേഷനില്‍ പൂട്ടിയിട്ടു
ലഖ്നൗ :ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം ദമ്പതികളെ വിവാഹചടങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുസ്ലിം പുരുഷന് ഹിന്ദു സ്ത്രീയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന അഞ്ജാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കല്യാണച്ചടങ്ങ് തടഞ്ഞത്. തൊട്ടുപിന്നാലെ തന്നെ പൊലീസ് വധൂവരന്മാരെ സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയും ചെയ്തു.
ഇരുവരും മുസ്ലിം സമുദായത്തില്‍ പെട്ടവരാണെന്ന് കണ്ടതിനെ തുടര്‍ന്ന് പിറ്റേദിവസം മാത്രമാണ് അവരെ വിട്ടയച്ചത്. അസംഗഡില്‍ നിന്ന് യുവതിയുടെ സഹോദരന് എത്തി, വിവാഹത്തിന് എതിര്‍പ്പൊന്നും ഇല്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം നടത്തിയത്. മുസ്ലിമുകളാണ് എന്ന് തെളിയിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ആധാര്‍ കാര്‍ഡ് അയക്കുകയും വീഡിയോ കോള്‍ ചെയ്യുകയും ചെയ്യേണ്ടിവന്നു.
കശ്യ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തന്നെ തുകല്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് വരന് ഹൈദര്‍ അലി പറഞ്ഞു.
എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന ആരോപണം പൊലീസ് തള്ളി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ലവ് ജിഹാദ് തടയുന്നതിനെന്ന പേരില്‍ യു.പി സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ തുടര്‍ന്ന് നേരത്തെയും പൊലീസ് മിശ്രവിവാഹങ്ങള്‍ തടഞ്ഞത് വിവാദമായിരുന്നു. പുതിയ നിയമപ്രകാരം മതം മാറിയുള്ള വിവാഹത്തിന് ഒരു മാസത്തെ നോട്ടീസ് നല്‍കണം.