രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ 9 നവജാതശിശുക്കള്‍ മരിച്ചു
ജയ്പുര്‍: രാജസ്ഥാനില്‍ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടശിശുമരണം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒമ്പതോളം നവജാതശിശുക്കള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നാല് ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.
ജെ.കെ ലോന് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷവും ഇതേ ആശുപത്രിയില്‍ നവജാതശിശുക്കള്‍ മരണപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഞ്ച് കുഞ്ഞുങ്ങള്‍ ബുധനാഴ്ചയും നാല് കുഞ്ഞുങ്ങള്‍ വ്യാഴാഴ്ചയുമാണ് മരണപ്പെട്ടത്. കുഞ്ഞുങ്ങളുടേത് സ്വാഭാവിക മരണമാണെന്നാണ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശിശുക്കളുടെ മരണം അണുബാധയോ മറ്റ് പ്രശ്നങ്ങളോ കാരണമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍ വെച്ചല്ല മരണപ്പെട്ടതെന്നും ജനിതക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് അധികൃതരും ഡിവിഷണല്‍ കമ്മീഷണറും ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ആറ് അധിക ഡോക്ടര്‍മാരേയും പത്ത് നേഴ്സുമാരേയും ഉടന്‍ നിയോഗിക്കാന്‍ ഡിവിഷണല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു