മലപ്പുറം എരമംഗലത്ത് സംഘര്‍ഷത്തില്‍ പിതാവ് കൊല്ലപ്പെട്ടു; മക്കളും മരുമകളും അറസ്റ്റില്‍
എരമംഗലം : ഭാര്യയുടെ സാന്നിധ്യത്തില്‍ മക്കളുമായുള്ള അടിപിടിക്കിടെ പിതാവിന് ദാരുണാന്ത്യം. വെളിയങ്കോട് കിണര്‍ ബദര്‍ പള്ളിയ്ക്ക് സമീപം പള്ളിയകായില്‍ ഹംസ (65) യാണ് മര്‍ദനമേറ്റ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഹംസയുടെ മകന് ആബിദ് (35), മകള്‍ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റുചെയ്തു. ഹംസയുടെ ഭാര്യ സൈനബയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും വ്യാഴാഴ്ച രാത്രിയോടെ വിട്ടയച്ചു.
വ്യാഴാഴ്ച പകല്‍ പത്തിന് നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹംസയുമായി ഭാര്യയും മക്കളും കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതിനിടയില്‍ മക്കള്‍ സംരക്ഷിക്കുന്നില്ലെന്നും വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മകന് ആബിദ് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഒക്ടോബര്‍ ഒന്നിന് കൊല്ലപ്പെട്ട ഹംസ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടയില്‍ ഹംസ ഇറക്കിവിട്ടെന്ന് പറഞ്ഞ് ഭാര്യ സൈനബ ചെന്നൈയിലുള്ള മകളുടെ അടുത്തേക്കുപോയി. ആബിദ് ഭാര്യയുടെ വീട്ടില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ സൈനബ പൊന്നാനി മുന്‍സിഫ് കോടതിയെ സമീപിച്ചു. വീട്ടില്‍ കയറുന്നതിന് ഇവര്‍ക്ക് മാത്രമായി കോടതി അനുമതി നല്കി. ഈ ഉത്തരവുമായി വ്യാഴാഴ്ച സൈനബ വെളിയങ്കോട്ടെ വീട്ടില്‍ എത്തിയപ്പോള്‍ കൂടെ രണ്ടുമക്കളും മരുമകളും ഉണ്ടായിരുന്നു.
വീട്ടിലെത്തിയ ഭാര്യയും മക്കളും ഹംസയും തമ്മില്‍ ബഹളമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മക്കളുടേയും മരുമകളുടേയും അടിയേറ്റാണ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടുവീണത്.
ഇതിനിടെ മകന് ആബിദ് വീട്ടില്‍ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പി.ഡി.പി. സ്ഥാനാര്‍ഥി കുന്നത്ത് മൊയ്തുണ്ണിയും പ്രവര്‍ത്തകനും ഹംസയുടെ വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.
നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ വെള്ളം കൊടുക്കാന്‍ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് മൊയ്തുണ്ണി പറഞ്ഞു. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം.
കൊല്ലപ്പെട്ട ഹംസയുടെ മുഖത്ത് പരിക്കുള്ളതായും പ്രതികള്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തതായും പെരുമ്പടപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേഴ്സണ്‍ മാര്‍ക്കോസ് പറഞ്ഞു.
വെള്ളിയാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം വെളിയങ്കോട് മുഹിയുദ്ദീന് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.