ഖാസി കേസ്; വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് 2021 ജനുവരിയില്‍
കാസര്‍കോട്: സമസ്ത നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താന്‍ ഖാസി കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നിയമിച്ച പ്രൈവറ്റ് ഫാക്ട് ഫൈന്റിംഗ് കമ്മിറ്റി 2021 ജനുവരി ആദ്യത്തില്‍ അതിന്റെ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ പാകത്തില്‍ ഒരുങ്ങി വരുന്നതായി ചെയര്മാന് ഡോ. ഡി സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം വിലയിരുത്തി.
ഖാസി കുടുംബം, നാട്ടുകാര്‍, ബന്ധുക്കള്‍, സംഘടനാ നേതാക്കള്‍, സ്ഥാപന ഭാരവാഹികള്‍, നിയമ പാലകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍, കേസ് വാദിച്ചു വരുന്ന അഭിഭാഷകര്‍ തുടങ്ങി നിരവധി പേരില്‍ നിന്ന് മൊഴികള്‍ ശേഖരിച്ചും വിവിധ കേസ് ഡയറികളും അന്വേഷണ റിപ്പോര്‍ട്ടുകളും പരിശോധിച്ചും സംഭവസ്ഥലം, സംഭവ ദിവസം ഖാസി താമസിച്ചിരുന്ന വീട് എന്നിവ സന്ദര്‍ശിച്ചും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സംഭവത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിച്ചു വരുന്ന വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ടിന്റ അവസാന മിനുക്കുപണിയിലാണ്.
പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ. പി.എ പൗരന് ചെയര്‍മാനും അഡ്വ. രാജേന്ദ്രന്, അഡ്വ. എല്‍സി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ റിപ്പോര്‍ട്ട് കേസ് സംബസിച്ച വിവരങ്ങളില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മാസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ സൈക്കോളജിക്കല്‍ ഓട്ടോപ്സി ഫലം സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിലെ അനുമാനങ്ങളെ നിരാകരിക്കുകയായിരുന്നു. എന്നാല്‍ സ്വകാര്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ സത്യസന്ധവും നിക്ഷ്പക്ഷവുമായ വിവരങ്ങള്‍ പുറത്ത് കൊണ്ട് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും അടക്കമുള്ളവര്‍.
അതേ സമയം സി.ബി.ഐ നല്കിയ മൂന്നാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ ആവശ്യം ചോദ്യം ചെയ്ത് ഖാസിയുടെ മകനും ചെമ്പരിക്ക മുന്‍ പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദും നല്കിയ ഹരജികള്‍ സി.ജെ.എം കോടതിയുടെ പരിഗണനയിലാണ്.
മെഡിക്കല്‍, വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ കൂടി വെളിച്ചത്തില്‍ പുറത്ത് വരുന്ന കോടതി വിധിക്കായി ബന്ധപ്പെട്ടവര്‍ കാത്തിരിക്കുകയാണ്.
കേസ് സംബന്ധിച്ച് കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍ ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന അനിശ്ചിതകാല സത്യഗ്രഹം കോവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നെങ്കിലും സമരം പുനരാരംഭിക്കാന്‍ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ട്.
ജനുവരി ആദ്യത്തില്‍ ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളാന്‍ യോഗം നിശ്ചയിച്ചു. കോര്‍ഡിനേറ്റര്‍ യൂസുഫ് ഉദുമ സ്വാഗതം പറഞ്ഞു. സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്ല ഖാസിലേന്‍ (അബൂദാബി), അബ്ദുല്‍ ഖാദര്‍ സഅദി, സി.എ മുഹമ്മദ് ഷാഫി, സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, താജുദ്ദീന് പടിഞ്ഞാര്‍, ഉബൈദുള്ള കടവത്ത്, സീതി കോളിയടുക്കം, മുസ്തഫ സര്‍ദാര്‍, ഹംസതൊട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.