മണല്‍ കയറ്റിവന്ന ലോറിയെ പോലീസ് പിന്തുടര്ന്നു; ഭയന്ന് ഇറങ്ങിയോടിയ യുവാവ് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍
മലപ്പുറം: പോലീസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് ഭയന്നോടിയ ലോറി തൊഴിലാളിയായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്മാന് ഫാരിസാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ തിരുന്നാവായയില്‍ നിന്നും മണല്‍ കയറ്റിവരികയായിരുന്ന ലോറിയെ രണ്ട് വാഹനങ്ങളിലായി കല്‍പ്പകഞ്ചേരി പൊലീസ് കണ്ടമ്പാറയില്‍ വെച്ച് തടഞ്ഞിരുന്നു. പോലീസിനെ കണ്ട് വാഹനം നിര്‍ത്തി സല്‍മാനും കൂടെയുണ്ടായിരുന്ന യുവാവും ഓടിരക്ഷപ്പെടുകയായിരുന്നു.
രാവിലെയാണ് സമീപത്തെ കിണറ്റില്‍ സല്‍മാന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ച സല്മാന് ഫാരിസും ലോറി ഡ്രൈവറും പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും, ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതുമെല്ലാം സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. കല്പകഞ്ചേരി പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച ഉണ്ടായെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മൃതദേഹം ആംബുലന്‍സില്‍ വെച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിന്‍വലിഞ്ഞു. പിന്നീട് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.