കാബൂള്‍: മാധ്യമപ്രവര്‍ത്തകയും ഡ്രൈവറും വെടിയേറ്റു മരിച്ചു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് സംഭവം. ഇനികാസ് ടി.വി ആന്റ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തകയായ മലാല മൈവാന്തും ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് താഹിറുമാണ് മരിച്ചത്. അക്രമി ഓടി രക്ഷപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ആക്രമണം നടത്തിയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
കൊല്ലപ്പെട്ട മലാല മൈവാന്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്. അഫ്ഗാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈയിടെ അവര്‍ സംസാരിച്ചിരുന്നു. ഇതാണ് കാരണമെന്ന് കരുതുന്നു. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെയാണ് അക്രമം നടക്കുന്നത്.
ജോലിക്കായി കാറില്‍ പോകുന്നതിനിടെയാണ് മലാല മൈവാന്തിന് നേരെ അക്രമി വെടിയുതിര്‍ത്തത്. കൊലപാതകിയെ ഇതുവരെ കണ്ടെത്താനായില്ല. ഭീകരസംഘടനകളും മാധ്യമപ്രവര്‍ത്തകയുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തില്ല. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനായ ഐഎസുമായി ബന്ധമുള്ള തീവ്രവാദികള്‍ അടുത്തിടെ അഫ്ഗാന് പൗരന്മാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുന്നോട്ട് വന്നിരുന്നു. കിഴക്കന്‍ അഫ്ഗാന് ഭാഗങ്ങളില്‍ താലിബാന് ഭീകരസംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ മാസം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ കുറവുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്. അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളെ ഈയിടെ നാറ്റോയും യുറോപ്യന്‍ യൂണിയനും ശക്തമായി അപലപിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.