ഫോണിലൂടെ വിളിച്ച് സ്പീക്കര്‍ മോഡിലിട്ട് ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തി; ആരോപണവുമായി യുവതി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍
ഹൈദരാബാദ്: ഫോണിലൂടെ വിളിച്ച് ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന ആരോപണവുമായി യുവതി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍. ഹൈദരാബാദ് സ്വദേശിനിയാണ് സൊമാലിയക്കാരനായ ഭര്‍ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യുവതി ആവശ്യപ്പെട്ടു.
2015ലാണ് ഹൈദരാബാദ് സ്വദേശിനിയായ യുവതിയും യുഎസ് പൗരത്വമുളള സൊമാലിയന്‍ സ്വദേശിയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഫോണ്‍ സ്പീക്കര്‍ മോഡിലാക്കാന്‍ പറഞ്ഞ ശേഷം ത്വലാഖ് ചൊല്ലുകയായിരുന്നു.
അമ്മയ്ക്കൊപ്പമാണ് യുവതി പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. ഒരു കാരണവുമില്ലാതെയാണ് ത്വലാഖ് ചൊല്ലിയതെന്ന് യുവതിയുടെ അമ്മ പറഞ്ഞു. ഇത് സംബന്ധിച്ച യാതൊരു രേഖകളും അയാള്‍ നല്‍കിയിട്ടില്ല. നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. നിയമപരമായ രേഖകള്‍ ലഭിക്കാത്തതിനാല്‍ മകള്‍ക്ക് പുനര്‍വിവാഹം കഴിക്കാനും സാധിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. മുത്വലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തുന്നത് ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.