ഇത് ചരിത്ര നിമിഷം; പുതിയ പാർലമെന്റ് ഇന്ത്യക്കാർ ഇന്ത്യക്കായി നിർമ്മിക്കുന്നതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയ്ക്കായി ഇന്ത്യക്കാർ തന്നെ നിർമ്മിക്കുന്നതാകും 2022ൽ പൂർത്തിയാകാൻ പോകുന്ന പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ചരിത്രപരമാണെന്നും നാം ഇന്ത്യക്കാർ ഒത്തൊരുമിച്ച് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുമെന്നും മോദി പറഞ്ഞു. ഈ ചരിത്ര നിമിഷം 130 കോടി ജനങ്ങൾക്കും അഭിമാനിക്കാവുന്നതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ആമത് വാർഷികത്തിൽ പുതിയ പാർലമെന്റ് മന്ദിരം പൂർത്തിയാകും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മത്തിന് ശേഷം ജനതയെ അഭിസംബോധന ചെയ്യുകയാരുന്നു മോദി.2014ൽ താൻ ആദ്യമായി ലോക്സഭാംഗമായി എത്തിയ അവസരം മറക്കാനാവില്ലെന്നും ജനാധിപത്യത്തിന്റെ ക്ഷേത്രത്തിനുമുന്നിൽ അന്ന് താൻ നമസ്കരിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. പഴയ പാർലമെന്റ് മന്ദിരം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകി. ആ മന്ദിരം ഇന്ത്യയുടെ ഇതുവരെയുളള ആവശ്യങ്ങൾ നടപ്പാക്കാൻ ഉപയോഗിച്ചു. എന്നാൽ പുതിയ പാർലമെന്റ് മന്ദിരം ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ അഭിലാഷങ്ങളെ പൂർത്തീകരിക്കാൻ ഉപയോഗിക്കും.എം.പിമാരുടെ പ്രവർത്തനം മെച്ചപ്പെടാൻ പുതിയ പാർലമെന്റ് മന്ദിരം കൊണ്ട് സാധിക്കും. ഓരോ എം.പിമാർക്കും അവരുടേതായ ഇടം പുതിയ പാർലമെന്റിൽ ലഭിക്കും.രാജ്യത്തെ ജനാധിപത്യം പരാജയപ്പെട്ടു എന്ന് കരുതുന്നവർക്ക് തെറ്റിപ്പോയിരിക്കുന്നു. ഇവിടെ ജനപങ്കാളിത്തം വർദ്ധിച്ചുവരികയാണ്. ജനാധിപത്യം ഇന്ത്യയുടെ ജീവിതമൂല്യവും ജീവിത രീതിയും ആത്മാവുമാണ്. നൂറ്റാണ്ടുകളുടെ അനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണത്. ദേശീയ താൽപര്യമാകണം നമ്മെ നയിക്കേണ്ടതെന്നും രാജ്യത്തിനാകണം പ്രഥമ പരിഗണന കൊടുക്കേണ്ടതെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.