പതിനേഴുകാരിയുടെ സഹോദരിയോടും മോശമായി പെരുമാറി; കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാൻ
ഇഡി ജോസഫിനെതീരെ വീണ്ടും പോക്സോ കേസ്
കണ്ണൂര്‍: ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. നേരത്തെ പരാതി നൽകിയ പെണ്‍കുട്ടിയുടെ സഹോദരിയുടെ രഹസ്യ മൊഴിയെ തുടർന്നാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. ആരോപണം നിഷേധിച്ച ഇഡി ജോസഫ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി.
ആദ്യ കേസെടുത്ത് അഞ്ച് ദിവസങ്ങൾക്കകമാണ് ശിശു ക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇഡി ജോസഫിനെതിരെ രണ്ടാമതും പോക്സോ കേസ് വരുന്നത്. ആദ്യ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് തന്റെ സഹോദരിയോടും ചെയർമാൻ മോശമായി പെരുമാറിയെന്ന വിവരം അറിയുന്നത്. തുടർന്ന് മട്ടന്നൂർ മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യ മൊഴി നൽകുകയായിരുന്നു. പതിനഞ്ചും പതിനേഴും വയസുള്ള പെണ്‍കുട്ടികളാണ് ഇഡി ജോസഫിനെതിരെ മൊഴി നൽകിയത്. കൗണ്‍സിലിംഗിനിടെ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് മൊഴിയിലുള്ളത്.
ഒക്ടോബർ 21ന് രണ്ട് സമയങ്ങളിലായിട്ടാണ് പെണ്‍കുട്ടികളെ ഇഡി ജോസഫ് കൗണിസിലിംഗ് നടത്തിയത്. ആദ്യ കേസ് വന്നതിന് പിന്നാലെ സാമൂഹ്യ നീതി വകുപ്പ് ശിശുക്ഷേമ സമിതി ജില്ലാ ചെയർമാനെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജോസഫ്. അന്ന് രണ്ട് കുട്ടികളെയും വനതി അംഗത്തിന്റെ സാന്നിധ്യത്തിലാണ് കൗണ്‍സിലിംഗ് നടത്തിയത്. കേസിനെതിരെ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.