സ്കൂൾ തുറക്കലും പരീക്ഷാ നടത്തിപ്പും; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ക്കൂൾ തുറക്കലും പരീക്ഷാ നടത്തിപ്പും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. പതിനേഴാം തീയതിയാണ് യോഗം. വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പൊതുപരീക്ഷ നടക്കുന്ന എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ജനുവരിയിൽ തുടങ്ങുന്നതിനെ കുറിച്ച് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്.
ഈ മാസം 17 മുതൽ പത്ത്, പ്ലസ്ടു ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരിൽ അൻപത് ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ സ്കൂളിലെത്താനും നിർദ്ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും സ്കൂൾ തുറക്കുന്നതിൽ അന്തിമ തീരുമാനം.
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം, ഹാജരിന്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ട് വച്ചിരുന്നു.
നിലവിൽ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള സംപ്രേക്ഷണത്തിലൂടെയും ഓൺലൈൻ സങ്കേതങ്ങളിലൂടെയുമാണ് സംസ്ഥാനത്ത് അധ്യയനം പുരോഗമിക്കുന്നത്.