ബഹു. ഹൈക്കോടതി അറിയുവാൻ.. ഞങ്ങള്‍ ഗള്‍ഫിലാണ് കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ട്അപേക്ഷയുമായി കണ്ണൂർ പട്ടുവത്തെ 116 പ്രവാസികൾ
തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തില്‍ പ്രവാസികളുടെ കള്ളവോട്ടുകള്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ഹൈകോടതിയെ സമീപിച്ചു. വോട്ടുചെയ്യാന്‍ നാട്ടിലെത്താന്‍ കഴിയാത്ത 116 പേരാണ് കോടതിയെ സമീപിച്ചത്. അഡ്വ. എം. മുഹമ്മദ് ഷാഫി മുഖേനയാണ് ഹരജി നല്‍കിയത്. കേസ് ഈ ആഴ്ച തന്നെ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പട്ടുവം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 10 പ്രവാസികളും രണ്ടാം വാര്‍ഡിലെ 30 പേരും ഏഴാം വാര്‍ഡിലെ 27 പേരും പത്താം വാര്‍ഡിലെ 22 പേരും വാര്‍ഡ് 11ലെ 12 പേരും 12ാം വാര്‍ഡിലെ 11 പേരും 13ാം വാര്‍ഡിലെ നാലുപേരുമാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തങ്ങളുടെ വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ ചെയ്തിട്ടുണ്ടെന്നും ഇത്തവണ ഇതിന് അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികള്‍ ജി.സി.സി പട്ടുവം പഞ്ചായത്ത് കെ.എം.സി.സിയുടെയും വാട്സ്ആപ്പ് കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് ഹരജി നല്‍കിയത്. ഇതിനായി വക്കാലത്ത് എംബസി അസ്റ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഒന്നരമാസം മുമ്പേ അടക്കം നടത്തിയിരുന്നു.