സി.എം.രവീന്ദ്രന് സത്യസന്ധന്; മുഖ്യമന്ത്രിയെ കുടുക്കാനുളള ശ്രമം കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് സത്യസന്ധനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. രവീന്ദ്രനെ സുഖമില്ലാത്തതുകൊണ്ട് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. രവീന്ദ്രന് വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവര്ക്കും മനസ്സിലാകുമെന്നും കടകംപള്ളി പറഞ്ഞു.
ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കെ സി.എം. രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആദ്യം കോവിഡിനും പിന്നീട് കോവിഡനന്തര ആരോഗ്യപ്രശ്നങ്ങള്‍ക്കുമായിരുന്നു അദ്ദേഹം ചികിത്സതേടിയത്. ഈ രണ്ടുഘട്ടങ്ങളിലും അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.
ദേഹാസ്വാസ്ഥ്യവും തലവേദനയും ക്ഷീണവും ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിയ അദ്ദേഹത്തിന് കിടത്തിച്ചികിത്സ നിര്‍ദേശിച്ചതായി മെഡിക്കല്‍കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു