വ്യാഴാഴ്ച ചോദ്യം ചെയ്യാന്‍ ഇഡി നോട്ടിസ്; സി.എം രവീന്ദ്രന് മൂന്നാമതും ആശുപത്രിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു എന്ന് പറഞ്ഞാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രവീന്ദ്രനെ അഡ്മിറ്റ് ചെയ്തു. കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നു എന്നാണ് രവീന്ദ്രന് പറഞ്ഞത്.
മുന്‍പ് രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആദ്യത്തെ തവണയും കോവിഡാനന്തര അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയതിനാല്‍ രണ്ടാംവട്ടവും രവീന്ദ്രന് ഹാജരായിരുന്നില്ല.