സിദ്ധാര്‍ഥ് പുല്ലേരി അഖിലേന്ത്യാ മത്സരത്തില്‍ ഒന്നാമതെത്തി, പയ്യന്നൂരിന് ഇനി ഹിന്ദുസ്ഥാനി പട്യാല ഘരാനയുടെ സൗരഭ്യവും
പയ്യന്നൂര്‍ : പയ്യന്നൂരിലെ കോറോം പുല്ലേരി വാദ്ധ്യാരില്ലത്തെ സിദ്ധാര്‍ഥ് പുല്ലേരി കൊല്‍ക്കത്തയിലെ താല് – സെന്‍ അക്കാദമി അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അത് നാടിന് അഭിമാനമായി. ഹിന്ദുസ്ഥാനി സംഗീതത്തിലെ അത്യപൂര്‍വ്വ പാരമ്പര്യത്തിന്റെ ഒരു കണ്ണി ഇനി പയ്യന്നൂരിനും സ്വന്തം. കൊല്‍ക്കത്തയിലെ കാജല്‍ രേഖ മ്യൂസിക് ഫൌണ്ടേഷനും പ്രശസ്ത തബല വാദകന്‍ ശുഭാങ്കര്‍ ബാനര്‍ജിയുടെ താല് – സെന്‍ മ്യൂസിക്
അക്കാദമിയും സംയുക്തമായി നടത്തിയ അഖിലേന്ത്യാ ഓണ്‍ലൈന്‍ സംഗീതമത്സരത്തിലാണ് ഒന്‍പതു മുതല്‍ 15 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തില്‍ നിന്ന് സിദ്ധാര്‍ഥ് പുല്ലേരിക്ക് ഖയാല്‍ സംഗീത വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചത്. പട്യാല ഘരാനയുടെ മഹാപ്രതിഭ വംഗനാട്ടിലെ പണ്ഡിറ്റ് അജോയ് ചക്രബര്‍ത്തിയുടെ മകളും ശിഷ്യയുമായ സംഗീതവിദുഷി കൗഷികി ചക്രബര്‍ത്തി, പണ്ഡിറ്റ് കുമാര്‍ മര്ദൂര് എന്നിവരായിരുന്നു വായ്പാട്ട് മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ എന്നതും ഈ നേട്ടത്തിന് തിളക്കമേറ്റുന്നു. കുട്ടിയായിരുന്നപ്പോള്‍ തന്നെ പാട്ടിന്റെ വഴിയിലേക്ക് ആകര്‍ഷിക്കപ്പെട്ട സിദ്ധാര്‍ത്ഥിന്റെ ഗുരു പിതൃസഹോദരന് കര്‍ണാടക സംഗീതജ്ഞന് പി.വി. അജയ് നമ്പൂതിരി (ചെന്നൈ) ആണ്. അജോയ് ചക്രബര്‍ത്തിയുടെ ശിഷ്യന് അരിത്ര ചക്രബര്‍ത്തി ആണ് ഹിന്ദുസ്ഥാനിയിലെ ഗുരു. മംഗളൂരു കാനറാ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും മംഗളൂരു കര്‍ണാടക ബാങ്ക് ആസ്ഥാനത്തെ ചീഫ് മാനേജര്‍ സത്യനാരായണന്റെയും ദിവ്യയുടെയും മകനുമാണ് സിദ്ധാര്‍ത്ഥ്.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കാസര്‍കോട്ടുകാരുടെ ‘ജനകീയ വക്കീല്‍’ പരേതനായ അഡ്വ. പി.വി.കെ. നമ്പൂതിരിയുടെയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ.എം.എം.നാരായണന്റെയും പൗത്രനാണ്. സംഗീതത്തില്‍ വിശിഷ്യാ ഹിന്ദുസ്ഥാനി സംഗീത ശാഖയായ ഖയാലില്‍ ഉപരിപഠനം നടത്തുകയാണ് സിദ്ധാര്‍ത്ഥിന്റെ ലക്ഷ്യം. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനവും ഈ കൊച്ചുമിടുക്കന് കൂടെയുണ്ട്