അരവിന്ദ് കേജ്രിവാള് വീട്ടുതടങ്കലില്‍; പൊലീസിനെ ഉപയോഗിച്ച് കേന്ദ്രം പ്രതികാരം തീര്‍ക്കുന്നുവെന്ന് ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണ് കേജ്രിവാളിനെ വീട്ടുതടങ്കലില്‍ ആക്കിയതെന്ന് ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വീടിനുളളില്‍ നിന്ന് അദ്ദേഹത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും എം എല്‍ എമാരെ വീടിനുളളിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. പൊലീസിനെ ഉപയോഗിച്ച് കേന്ദ്രം പ്രതികാരം തീര്‍ക്കുന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.ഇന്നലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ കേജ്രിവാള് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. സമരത്തില്‍ പങ്കെടുത്ത് വീട്ടില്‍ തിരികെയെത്തിയ കേജ്രിവാളിന്റെ വീടിന് ചുറ്റും അപ്രതീക്ഷിതമായി ഡല്‍ഹി പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു.ഫോണില്‍ അദ്ദേഹത്തെ ലഭ്യമാകുന്നുണ്ടെന്നാണ് വിവരം. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഭാരത് ബന്ദിനെ തുടര്‍ന്ന് ക്രമസമാധാനവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം ഇന്നലെ വ്യക്തമാക്കിയിരുന്നു.