മാതാപിതാക്കളെ പെരുമഴയത്ത് വഴിയില്‍ തള്ളി മക്കള്‍. ദുരിതത്തിലായത് മക്കള്‍ക്ക് വിദ്യാഭ്യാസം നല്കി അധ്യാപികയാക്കി നല്ല സ്ത്രീധനം നല്കി കെട്ടിച്ചയച്ച പ്രവാസി രക്ഷിതാക്കള്‍.
കൊല്ലം: മാതാപിതാക്കളെ പെരുമഴയത്ത് വഴിയില്‍ തള്ളി ദുരിതത്തിലായത് മക്കള്‍ക്ക് നല്ല സ്ത്രീധനം നല്‍കികെട്ടിച്ചയച്ച പ്രവാസി രക്ഷിതാക്കള്‍. കൊല്ലത്താണ് സംഭവം. മങ്ങാട് കരിങ്ങോട്ട് വീട്ടില്‍ ബാലചന്ദ്രന് – ഓമന ദമ്ബതികള്ക്കാണ് ഈ ദുര്യോഗം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ശ്യാമിന്റെ നേതൃത്വത്തില്‍ പൊലിസ് മക്കളിലൊരാളെ വിളിച്ചു വരുത്തി അവരോടൊപ്പം മാതാപിതാക്കളെ അയച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മങ്ങാട്ട് താവൂട്ട് മുക്കിന് സമീപം മാതാപിതാക്കളെ ഇറക്കി വിട്ട ശേഷം ഇളയ മകള്‍ മടങ്ങിയത്. സമീപത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചാണ് താന്‍ പോയതെന്ന് ഇളയ മകളായ സുനിത പറയുന്നു.
എന്നാല്‍ മാതാപിതാക്കളെ വീട്ടില്‍ താമസിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുത്ത രണ്ടാമത്തെ മകള്‍ വൈകാതെ വീടുപൂട്ടി സ്ഥലം വിടുകയും ചെയ്തു. മങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപികയായ രണ്ടാമത്തെ മകള്‍ സുലജയാണ് കുടുംബ വീട് പൂട്ടി മുങ്ങിയത്.
മണിക്കൂറുകളോളം മഴനനഞ്ഞ് റോഡിലിരുന്ന വൃദ്ധ ദമ്ബതികളെ ഇലക്ഷന് പ്രചരണവുമായെത്തിയ എന്‍ ഡി എ – യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കണ്ടതോടെ വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്ന ബാലചന്ദ്രന് പിന്നീട് നാട്ടിലെത്തി നിര്‍മ്മാണ തൊഴിലാളിയായി പണിയെടുക്കുകയായിരുന്നു. ഇരുപത്തിയെട്ട് വര്‍ഷം മുന്‍പ് രണ്ടാമത്തെ മകളുടെ വിവാഹ സമയത്ത് സ്ത്രീധനമായി കുടുംബ വീട് എഴുതി നല്‍കുകയായിരുന്നു. മാതാപിതാക്കളുടെ കാലശേഷം പൂര്‍ണ്ണാവകാശം നല്‍കുമെന്നായിരുന്നു ധാരണയെങ്കിലും രേഖകളില്‍ ഇത് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇളയ മകളുടെ വിവാഹ ശേഷം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അവരോടൊപ്പം കഴിയുകയായിരുന്നു.