വിട പറഞ്ഞത് നീലേശ്വരത്തിന്റെ സ്വന്തം ‘മാതാ ഡോക്ടർ’
നീലേശ്വരം: ആസ്പത്രികളൊന്നും സജീവമല്ലാതിരുന്ന കാലത്ത് സ്ത്രീകളുടെ രോഗശാന്തിക്കായി പ്രവർത്തിച്ച ഡോ. യു.മാതയുടെ വിയോഗത്തിൽ കണ്ണീരോടെ നീലേശ്വരം നാട്.
നീലേശ്വരത്തെ ആദ്യകാല സ്ത്രീരോഗ വിദഗ്ധയായിരുന്നു മംഗളൂരു ഉച്ചിൽ സ്വദേശിനിയായ ഇവർ. നീലേശ്വരം കരുവാച്ചേരിയിൽ താമസിക്കുകയായിരുന്ന അവർ 45 വർഷത്തോളം നീലേശ്വരത്ത് മാതാ ക്ലിനിക്ക് നടത്തി. ദീർഘകാലം ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായ ക്ലിനിക്ക്, കെട്ടിടം നിർമിക്കാനായി സ്ഥലം ഏറ്റെടുത്തപ്പോൾ ചീർമക്കാവ് റോഡരികിലേക്ക് മാറുകയായിരുന്നു. മലയോരത്തുനിന്നടക്കമുള്ള ഗർഭിണികൾ ഉൾപ്പെടെയുള്ളവർ മാതാ ക്ലിനിക്കിൽ എത്തിയായിരുന്നു ചികിത്സ തേടിയിരുന്നത്.
പഴയകാലത്ത് നീലേശ്വരത്ത് സ്വന്തമായി കാറോടിച്ചിരുന്ന അപൂർവം സ്ത്രീകളിലൊരാളായിരുന്നു ഇവർ.
സേവനരംഗത്തും ഇവർ മുൻപന്തിയിലുണ്ടായിരുന്നു.
23 വർഷം ലയൺസ് ക്ലബ്ബിൽ വിവിധ ചുമതലകൾ വഹിച്ചു. 2018-ലെ പ്രളയത്തിൽ വയനാട് മേഖല കേന്ദ്രീകരിച്ച് കിറ്റ് വിതരണത്തിലും സജീവമായിരുന്നു.
നീലേശ്വരം റോട്ടറി ഇന്നർ വീൽ ക്ലബ്ബ് ചാർട്ടർ സെക്രട്ടറിയായും പ്രവർത്തിച്ചു. നീലേശ്വരത്തും പരിസര പഞ്ചായത്തുകളിലും ഒട്ടേറെ സാന്ത്വന പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കാളിത്തം ഡോ. മാത വഹിച്ചിരുന്നു. അസുഖബാധിതയായി കോഴിക്കോട്ടുള്ള മകന്റെ വസതിയിലായിരുന്നു ഇവർ. അവിടെയായിരുന്നു അന്ത്യം.