കാഞ്ഞങ്ങാട് : ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തിലും നേതാക്കളുടെ അഴിമതിയിലും പ്രതിഷേധിച്ച് കാസര്‍കോട്ട് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം പാര്‍ടിയില്‍ നിന്ന് രാജിവെച്ചു. പി എ റഹ്മാന് ഹാജിയാണ് ലീഗുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പ്രവാസി ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രവാസി ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം, മുസ്ലിം ലീഗ് 47-ാം വാര്‍ഡ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു റഹ്മാന് ഹാജി.
അഴിമതിക്കാരുടെയും വഞ്ചകരുടെയും കൂടാരമായി ലീഗ് മാറിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പണംകൊടുത്ത് സീറ്റു നല്കുന്ന പാര്‍ടിയായി. ഇസ്ലാമിക രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുമായിപോലും രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ മനഃസാക്ഷി സമ്മതിക്കുന്നില്ല.
ലീഗ് എംഎല്‍എമാരായ വി കെ ഇബ്രാഹിം കുഞ്ഞും, എം സി ഖമറുദ്ദീനും അഴിമതിയുടെയും വിശ്വാസ വഞ്ചനയുടെയും പേരില്‍ ജയിലിലാണ്. മഹാഭൂരിപക്ഷം മുസ്ലിം ലീഗ് പ്രവര്‍ത്തകള്‍ ഇരകളായ ഹാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഇരകള്‍ക്കൊപ്പമല്ല ലീഗ്. ഖമറുദ്ദീനെയും കൂട്ടു പ്രതികളെയും വെള്ളപൂശുകയാണ്. ഇരകളെ തള്ളി വഞ്ചകരോടൊപ്പം നിലകൊള്ളുന്നത് അംഗീകരിക്കാനാവില്ല.
സ്പിരിറ്റ് കടത്ത് കേസില്‍പെട്ട എക്സൈസ് പ്രിവന്റീവ് ഓഫീസറും നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ഥിയാണ്. പണം വാങ്ങിയാണ് സീറ്റ് നല്‍കിയതെന്ന് വാര്‍ഡിലെ ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥി പരസ്യമായി വ്യക്തമാക്കിയതാണ്. മുനിസിപ്പാലിറ്റിയില്‍ നാല് വാര്‍ഡുകളില്‍ നേതാക്കളുടെ ആശ്രിതരെയും പണം നല്കിയവരെയും സ്ഥാനാര്‍ത്ഥികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മതേതര ജനാതിപത്യ വിശ്വാസികള്‍ക്ക് അണിചേരാന്‍ പറ്റുന്ന പ്രസ്ഥാനമായ എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് റഹ്മാന് ഹാജി വ്യക്തമാക്കി. നഗരസഭ മുന്‍ ചെയര്മാന് വി വി രമേശന്, അഡ്വ. സി ഷുക്കൂര്‍ എന്നിവരും റഹ്മാന് ഹാജിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.