മലപ്പുറം: മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം അനുസരിച്ചുള്ള ആദ്യ കേസ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തു. കൊളത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം ഭര്‍ത്താവ് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയെന്ന് പെരിന്തല്‍മണ്ണ പാങ്ങ് സ്വദേശിയായ മുപ്പതുകാരിയുടെ പരാതിയില്‍ പറയുന്നു. ഗള്‍ഫുകാരനും വ്യവസായിയുമായ പാറന്തോട് ഹസ്സന്‍കുട്ടിയാണ് പ്രതി. മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി. നവംബര്‍ 17ന് ആയിരുന്നു സംഭവം. ആദ്യഭാര്യയില്‍ രണ്ടു കുട്ടികളുള്ള ഹസന് കൂട്ടിയുടെ രണ്ടാം വിവാഹമായിരുന്നു മുപ്പതുകാരിയുമായി. ഈ വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെയാണ് മൂന്ന് തലാഖ് ചൊല്ലി ഇവരെ ഉപേക്ഷിച്ചത്.
സംഭവം ഇങ്ങനെ:
ഹസ്സന്‍കുട്ടിയുടെ പെരിന്തല്‍മണ്ണയിലെ ഒരു സ്ഥാപനത്തില്‍ അഞ്ചുമാസം മുന്‍പ് പരാതിക്കാരി ജോലിയില്‍ പ്രവേശിച്ചിരുന്നു. അവിടെ നിന്നായിരുന്നു പരിചയം ആരംഭിച്ചത്. തുടര്‍ന്ന് ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുമായിരുന്നു. ഈ ഫോണ്‍ വിളികള്‍ക്കിടയിലാണ് കുടുംബപ്രശ്നങ്ങളുണ്ടെന്ന് ഹസ്സന്‍കൂട്ടി പറയുന്നതും യുവതിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയതും. തുടര്‍ന്ന് ആലോചനയുമായി യുവതിയുടെ രക്ഷിതാക്കളെ സമീപിച്ച് നവംബര്‍ 11ന് വിവാഹം നടത്തിയെടുത്തു. യുവതിയുടെ വീട്ടിലായിരുന്നു ചടങ്ങുകള്‍. ആദ്യഭാര്യ അറിയരുതെന്ന നിബന്ധനയും ഹസ്സന് കുട്ടി വീട്ടുകാരുടെ മുന്നില്‍ വച്ചു.
ഇതിനായി പുതിയ വീടും യുവതിയുടെ സഹോരന് വിദേശത്ത് ജോലിയുമൊക്കെ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യ ഭാര്യ അറിയാതിരിക്കാന്‍ മഹല്ലുകളുടെ അനുമതി ഇല്ലാതെയാണ് വിവാഹം നടത്തിയത്. രഹസ്യവിവാഹമായിരുന്നതിനാല്‍ ചടങ്ങുകളുടെ ഫോട്ടോ എടുക്കുന്നത് ഉള്‍പ്പെടെ ഹസ്സന്‍കുട്ടി വിലക്കിയിരുന്നു. രണ്ടു മതപുരോഹിതരെത്തിയാണ് വിവാഹം നടത്തിക്കൊടുത്തത്. വിവാഹധനമായി ഒരുലക്ഷം രൂപയും യുവതിക്ക് നല്കി. തുടര്‍ന്ന് വിവാഹശേഷം കോട്ടയ്ക്കലിലെ ഹോട്ടല്‍ മുറിയില്‍ ഇരുവരും അഞ്ചുദിവസം താമസിച്ചു.
പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഹസ്സന്‍കുട്ടി ഫോണിലൂടെ ഒന്നാം ത്വലാഖ്, രണ്ടാം ത്വലാഖ്, മൂന്നാം ത്വലാഖ് എന്ന് പറഞ്ഞു വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിതാവിനെ ഇക്കാര്യം അറിയിക്കുമെന്നും ഹസ്സന്‍കുട്ടി പറഞ്ഞു. ശേഷം യുവതിയുടെ പിതാവിനെ ആദ്യ ഭാര്യക്കൊപ്പം ഹസ്സന്‍കൂട്ടി വന്നുകണ്ടു. മുത്തലാഖ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പിന്മാറണമെന്ന പിതാവിന്റെ ആവശ്യത്തോട് കല്യാണത്തിനും വിവാഹമോചനത്തിനും തെളിവില്ലെന്നായിരുന്നു ഹസ്സന്‍കുട്ടിയുടെ മറുപടി.
തുടര്‍ന്നാണ് വിവാഹത്തിന് എടുത്ത രഹസ്യ ഫോട്ടോയും ത്വലാഖ് ചൊല്ലുന്ന ശബ്ദരേഖയുമായി യുവതി പൊലീസിനെ സമീപിച്ചത്. ഹസ്സന് കുട്ടി ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. രഹസ്യ വിവാഹമാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു കൊളത്തൂര്‍ സിഐയുടെ ആദ്യ പ്രതികരണമെന്ന് യുവതിയുടെ അഭിഭാഷകന് എ പി ഇസ്മയില്‍ പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എന്നവര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. 2019-ലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത്. പ്രാബല്യത്തിലായശേഷം കോഴിക്കോട് ഈ നിയമപ്രകാരം അറസ്റ്റ് നടന്നിരുന്നു. എന്നാല്‍ നിയമംവരുന്നതിനു മുമ്ബായിരുന്നു മൊഴി ചൊല്ലല്‍ നടന്നത്.