പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാം; നിര്‍മാണം പാടില്ല: കേന്ദ്രത്തിനെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടാനിരിക്കെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാം. പദ്ധതിക്ക് സ്റ്റേയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്റ്റേയില്ലെന്ന് കരുതി നിര്‍മാണം നടത്താനാവില്ല. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചും കാണിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. പ്രതിപക്ഷ കക്ഷികളും സാമ്പത്തിക വിദഗ്ധരുമടക്കമുള്ളവര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ട സമയത്ത് ഇത്തരം ഒരു നിര്‍മാണത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
971 കോടി ചെലവ്
ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം 971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022 ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പുതിയ മന്ദിരത്തില്‍ ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടമൊരുക്കും. നിലവില്‍ ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന കണക്കിലെടുത്താണിത്.
ഇതോടൊപ്പം ലൈബ്രറി, വിവിധ സമിതികള്‍ക്കുള്ള മുറികള്‍ എന്നിവയും ക്രമീകരിക്കും. വായു, ശബ്ദ മലിനീകരണങ്ങള്‍ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സംവിധാനമുണ്ടാകും. ബേസ്മെന്റിനു പുറമേ 2 നിലകളുള്ള പുതിയ മന്ദിരം നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ്. ഉയരവും തുല്യമാണ്.
നിലവില്‍ ശ്രംശക്തി ഭവനിരിക്കുന്ന സ്ഥലത്താണ് എംപിമാര്‍ക്കുള്ള ഓഫിസ് സമുച്ചയം നിര്‍മിക്കുക. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാര്‍ 861.9 കോടി രൂപയ്ക്കു ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും.