ആന്ധ്രയില്‍ അജ്ഞാത രോഗം പടരുന്നു ; ഒരാള്‍ മരിച്ചു
ആന്ധ്രാപ്രദേശ്:ആന്ധ്രാപ്രദേശിലെ എല്ലുരുവില്‍ അജ്ഞാത രോഗം പടര്‍ന്നുപിടിക്കുന്നു.ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 140 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍വ്യക്തമാക്കി.
രോഗകാരണമെന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല രോഗികള്‍ക്ക് അപസ്മാരം , ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ബോധ രഹിതരാവുകയാണ് ചെയുന്നത്.
ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരിച്ചത്. അതേസമയം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ ഭൂരിഭാഗം പേരും പെട്ടന്ന് തന്നെ രോഗമുക്തരാവുണ്ട്. എന്നാല്‍ ഏഴുപേരെ വിദഗ്ദ്ധ ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു .
സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ കതമനേനി ഭാസ്കര്‍ എല്ലൂരുവില്‍ എത്തി. നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന് അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ആരോഗ്യഅധികൃതര്‍ക്ക് നിര്‍ദേശം നല്കി.
തിങ്കളാഴ്ച മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി എല്ലൂരു സന്ദര്‍ശിക്കും. ആശുപത്രിയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച ശേഷം പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ജില്ലാ ഭരണകൂടുവുമായി അവലോകനയോഗം നടത്തും. ഞായറാഴ്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ഉപമുഖ്യമന്ത്രി നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.