കണ്ണാടിപ്പറമ്പ്: ജീവിതം വഴിമുട്ടാതിരിക്കാൻ ഭാരമേറിയ മെഷീനും തോളിലേറ്റി കാടുതെളിക്കുകയാണ് നാറാത്ത് പുല്ലൂപ്പി സ്വദേശി അന്നമ്മ മാത്യൂസ്. 38 വർഷം മുമ്പ് കണ്ണാടിപ്പറമ്പിലെത്തിയ ഇവർ കല്ലുവെട്ട്, തേപ്പ്, വാർക്കപ്പണി,ഹോട്ടൽ ജോലികൾ ചെയ്ത ശേഷമാണ് പുരുഷന്മാരുട കുത്തകയായ യന്ത്രമുപയോഗിച്ചുള്ള കാടുവെട്ടലിലേക്ക് തിരിഞ്ഞത്.
അദ്ധ്വാനത്തിന്റെ തളർച്ച ഇവരുടെ മുഖത്ത് ഇല്ല. പക്ഷെ മനസിൽ വലിയൊരു ദുഃഖമുണ്ട്. പൊളിഞ്ഞ് വീഴാറായ വീട് എങ്ങനെയൊന്ന് ശരിയാക്കുമെന്നതാണ് ഇതിലൊന്ന്. അന്നന്ന് അദ്ധ്വാനിച്ചാൽ മാത്രം ജീവിക്കാൻ പറ്റുന്ന തന്റെ എ.പി.എൽ. കാർഡ് എങ്ങനെ മാറ്റിയെടുക്കാമെന്നതും ഇവരുടെ ആലോചനയാണ്.1990 ൽ കണ്ണാടിപ്പറമ്പ് ദിനേശ് ബീഡിക്കമ്പനിക്ക് സമീപം കണ്ണാടിപ്പറമ്പ് ക്രിസ്ത്യൻ പള്ളി വക കിട്ടിയ എഴേമുക്കാൽ സെന്റ് വീടും സ്ഥലവുമാണ് ഇവർക്കുള്ളത്.
കണ്ണുതുറന്നുനോക്കിയാൽ ദാരിദ്രപൂർണമായ ചുറ്റുപാട് ബോദ്ധ്യമാകുന്ന അവസ്ഥയിലും എ.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തിയ അധികാരികളോട് കടുത്ത പരിഭവത്തിലാണ് ഈ വൃദ്ധ. കാർഡ് ബി.പി.എൽ ആക്കാൻ അപേക്ഷ നൽകി ആറു വർഷമായി കാത്തിരിക്കുകയാണ് അന്നാമ്മയും കുടുംബവും.നാട്ടുകാർക്ക് പ്രിയങ്കരിയായ ഇവർ നല്ലൊരു കർഷക കൂടിയാണ് .വെണ്ടൊട് പാടശേഖരസമിതിയംഗം കൂടിയായ ഇവർ സ്ഥലം പാട്ടത്തിനെടുത്ത് നെല്ല്, ചെമ്പ്, കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്നുമുണ്ട്. നിരവധി സ്ത്രീകൾ കാട് വെട്ടുന്ന ജോലിയുമായി രംഗത്തിറങ്ങിയെങ്കിലും അന്നാമ്മ മാത്രം ഇന്നും അറുപത്തിയെട്ടാം വയസ്സിലും പിടിച്ചു നിൽക്കുന്നെങ്കിൽ അത് തന്റെ ജീവിത വഴിതെളിയിക്കാനാണ്.