നാദാപുരം : ആര്‍എസ്എസ് പ്രവര്‍ത്തകനെ സ്ഥാനാര്‍ഥിയാക്കി മുസ്ലിംലീഗ്. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന് പട്ടികജാതി സംവരണ സീറ്റിലാണ് എ കെ ഉമേഷ് കോണി ചിഹ്നത്തില്‍ മത്സരിക്കുന്നത്. രഹസ്യ ധാരണയുടെ ഭാഗമായി ഈ ഡിവിഷനില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുമില്ല.
കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെക്യാട് പഞ്ചായത്തിലെ ആര്‍എസ്എസ് സ്വാധീന കേന്ദ്രമായ ഉമ്മത്തൂരിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ഉമേഷ്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ഥികള്‍ ഉമ്മത്തൂര്‍ നിവാസികളാണ്. ഉമേഷിന്റെ പിതൃസഹോദരന് അനീഷ് നാലാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ട്.
സ്ഥാനാര്‍ഥിയാക്കുന്നതിന്റെ ഒരു ദിവസം മുമ്ബ് ലീഗ് മെമ്ബര്‍ഷിപ്പ് നല്കി മത്സരത്തിനിറക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ എന്‍ മനോജനാണ്. കോലീബി സഖ്യത്തിനെതിരെ ലീഗ് അണികള്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 2015ല്‍ മുസ്ലിംലീഗ് നേതാവിന്റെ വീടാക്രമിച്ച് കൊള്ളനടത്തിയ കേസില്‍ ഉമേഷ് പ്രതിചേര്‍ക്കപ്പെട്ടിരുന്നു.