പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റു; കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സണ്‍റൈസ് ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാഘവേന്ദ്രറാവു, സര്ജന് ഡോ. ഗിരിധരറാവു എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. അജാനൂര്‍ പള്ളത്തെ ശബ്നയുടെ പരാതിയിലാണ് കേസ്. പ്രസവ ചികിത്സക്കായി സണ്‍റൈസ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശബ്നയെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതിനിടെ കരളിന് മുറിവേല്‍ക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഇത് ശ്രദ്ധിച്ചില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശബ്നയെ കണ്ണൂരിലെ ആസ്പത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയയാക്കിയതോടെ കരളിന് മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. മുറിവ് തുന്നാതിരുന്നതിനാല്‍ പഴുപ്പും ബാധിച്ചിരുന്നു.
കണ്ണൂര്‍ ആസ്പത്രിയിലെ ചികിത്സക്കുശേഷം തിരിച്ചെത്തിയ ശബ്ന സണ്‍റൈസ് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്കുകയാണുണ്ടായത്. പൊലീസിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആസ്പത്രിയിലെ ഡോ. വിനോദ്കുമാര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ മെഡിക്കല്‍ കമ്മിറ്റി നടത്തിയ വിദഗ്ധ പരിശോധനയില്‍ ശബ്നയുടെ കരളിന് മുറിവേറ്റിരുന്നതായി സ്ഥിരീകരിക്കുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി.എം.ഒക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.