‘ഒരു കാര്യം പറഞ്ഞാല്‍ നടത്തുമെന്ന് ഗ്യാരന്റിയുള്ള മുഖ്യമന്ത്രിയാണ് പിണറായി’
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലെ പടനായകന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് എന്നു സിപിഎം. പ്രചാരണ വേദികളില്‍ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങാതിരിക്കുകയും പോസ്റ്ററുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതാകുകയും ചെയ്തതു വ്യാഖ്യാനങ്ങള്‍ക്കു വഴി തുറന്നതോടെയാണ് പാര്‍ട്ടിയുടെ ഈ വിശദീകരണം.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്നതു പിണറായി വിജയന് തന്നെയാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന് ആലപ്പുഴയില്‍ പറഞ്ഞു. പോസ്റ്ററിലും ഫ്ലെക്സിലും മുഖ്യമന്ത്രിയുടെയോ നേതാക്കളുടെയോ ചിത്രങ്ങള്‍ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല, ഊര്‍ജമാണ് പ്രധാനം എന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയാണു നേതൃത്വം നല്‍കുന്നത് എന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തലസ്ഥാനത്തു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗോവിന്ദനും രംഗത്തെത്തിയത്.
ഒരു കാര്യം പറഞ്ഞാല്‍ നടത്തുമെന്നു ഗാരന്റിയുള്ള ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ മുഖ്യമന്ത്രിയാണ് പിണറായി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെയുള്ള ദുഷ്പ്രചാരണങ്ങള്‍ക്കു ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു ലാവ്ലിന് എന്നൊരു കേസില്ല. കോടതിയിലുള്ളത് അപ്പീല്‍ മാത്രമാണ്. സി.എം.രവീന്ദ്രനെ ചോദ്യം ചെയ്താലും എല്‍ഡിഎഫിനെ ബാധിക്കാന്‍ പോകുന്നില്ലെന്നും ഗോവിന്ദന് പറഞ്ഞു.
*’മുഖ്യമന്ത്രിയുടെ ചിത്രം വച്ച് വോട്ടു തേടിയാല്‍ രക്ഷപ്പെടില്ലെന്നു സ്ഥാനാര്‍ഥികള്‍ക്ക് അറിയാം. പോസ്റ്ററുകളിലോ പ്രചാരണ സാമഗ്രികളിലോ ഒന്നും മുഖ്യമന്ത്രിയില്ല. അത്രമാത്രം സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും ഒറ്റപ്പെട്ടു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി ഭയപ്പെടുന്നു. പ്രചാരണത്തിന് അദ്ദേഹം ഇറങ്ങാത്തത് അതുകൊണ്ടാണ്.’ കെ.സുരേന്ദ്രന്, ബിജെപി സംസ്ഥാന പ്രസിഡന്റ്
* മുഖ്യമന്ത്രിക്കു ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണ്. ആ ജാള്യം മൂലമാണ് അദ്ദേഹം പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.’ കെ.സുധാകരന് എംപി