സ്ഥലവും അനുബന്ധ സൗകര്യവും സംസ്ഥാനം ഒരുക്കും പെരിയയില്‍ നിന്ന് വിമാനം പറന്നുയരും
കാസർകോട് :
ജില്ലയില്‍ ഇനി യാഥാര്‍ഥ്യമാകാനുള്ളത് പെരിയയിലെ എയര്‍ സ്ട്രിപ്പ്. ബജറ്റില്‍ ഒന്നരകോടി രൂപ വകയിരുത്തുകയും കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കുകയും ചെയ്തതോടെ നിര്‍മാണത്തിന് ഒരുങ്ങുകയാണ് പെരിയ വിമാനത്താവളം. കേരളത്തിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പെരിയ എയര്‍ സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചത്. നടപടി വേഗത്തിലാക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദേശിച്ചു.
അഞ്ച് മുതല്‍ 125 സീറ്റുവരെയുള്ള ചെറിയ വിമാനങ്ങളാണിവിടെ എത്തുക. മംഗളൂരു, കണ്ണൂര്‍, തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ്, കര്‍ണാടകയിലെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതോടെ എളുപ്പത്തിലാകും.
ബേക്കല്‍, റാണിപുരം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്തും. മൂവായിരം രൂപയില്‍ താഴെയായിരിക്കും വിമാന നിരക്ക്. പുല്ലൂര്‍ -പെരിയ പഞ്ചായത്തില്‍ പെരിയ ടൗണില്‍നിന്ന് ഏഴു കിലോമീറ്റര്‍ ദൂരത്താണ് ഭൂമി കണ്ടെത്തിയത്. റണ്‍വേ, ഫയര്ക്രാഫ്റ്റ്, പാര്‍ക്കിങ് ബേ, പാസഞ്ചര്‍ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് എന്നിവയൊക്കെയുണ്ടാകും.
ഉഡാന്‍ പദ്ധതിയില്‍ കേരളത്തില്‍ മൂന്ന് സ്ഥലങ്ങളിലാണ് മിനി എയര്‍ സ്ട്രിപ്പ് വരുന്നത്. അതില്‍ പെരിയ എയര്സ്ട്രിപ്പിനാണ് മുന്‍ഗണന. സ്ഥലവും അനുബന്ധ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് വ്യക്തമാക്കി. സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപ മൂന്ന് എയര്‍സ്ട്രിപ്പിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിയിട്ടുണ്ട്.