പ്രവാസിവോട്ട്: ശുപാര്‍ശയിൽ എതിര്‍പ്പുമായി സി.പി.എം.ജന. സെക്രട്ടറി യെച്ചൂരി
ന്യൂഡല്‍ഹി: പ്രവാസിവോട്ടുമായി ബന്ധപ്പെട്ട് നിലവിലെ രീതിയില്‍ എതിര്‍പ്പുമായി സി.പി.എം. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രവാസിവോട്ടിനായി ശുപാര്‍ശചെയ്തിട്ടുള്ള വ്യവസ്ഥ ചര്‍ച്ച ചെയ്യാനും അപാകങ്ങള്‍ പരിഹരിക്കാനും അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയ്ക്കു കത്തയച്ചു. പ്രവാസി വോട്ടിന് പോസ്റ്റല്‍ ബാലറ്റാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാര്‍ശ ചെയ്തത്.
വോട്ടുചെയ്തതിനുശേഷം ബാലറ്റ് നേരിട്ട് അയച്ചുകൊടുക്കുകയാണോ ഇന്ത്യന്‍ എംബസിയില്‍ നിശ്ചിതസ്ഥലത്തു കൈമാറുകയാണോ വേണ്ടതെന്ന് വ്യക്തമല്ലെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ബാലറ്റ് പേപ്പര്‍ ഇലക്ട്രോണിക് രൂപത്തില്‍ അയച്ചുകൊടുക്കുന്നതില്‍ തട്ടിപ്പു നടക്കാന്‍ സാധ്യതയുണ്ട്. വോട്ടുചെയ്യുന്നതിലെ രഹസ്യാത്മകതയെ ബാധിക്കുന്നതാണ് നിലവില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള രീതി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. പ്രവാസിവോട്ടിനെ സി.പി.എം. അനുകൂലിക്കുന്നുണ്ടെന്നും വിദേശരാജ്യങ്ങളിലെ എംബസികളിലും മിഷനുകളിലും പോളിങ് ബൂത്തുകള്‍ സജ്ജമാക്കി പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് പാര്‍ട്ടി നേരത്തേ ആവശ്യപ്പെട്ടിരുന്നതായും യെച്ചൂരി കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രവാസികള്‍ തിരഞ്ഞെടുപ്പുവിജ്ഞാപനമിറങ്ങി അഞ്ചുദിവസത്തിനു ശേഷം വരണാധികാരിയെ അറിയിക്കണമെന്നും തുടര്‍ന്ന്, വരണാധികാരി ഇലക്ട്രോണിക്കലായി ബാലറ്റ് പേപ്പര്‍ അയച്ചുകൊടുക്കുമെന്നുമാണ് തിരഞ്ഞെടുപ്പുകമ്മിഷന് കേന്ദ്ര നിയമമന്ത്രാലയത്തിനുമുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശയില്‍ പറയുന്നത്. തുടര്‍ന്ന്, ബാലറ്റ് പേപ്പര്‍ പ്രിന്റ് എടുത്തശേഷം അതില്‍ വോട്ടുരേഖപ്പെടുത്തി ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഒപ്പിട്ട സത്യവാങ്മൂലം സഹിതം അയച്ചുകൊടുക്കുകയും വേണം.