സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു
കണ്ണൂര്‍:സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍വീണ ആളെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസ് (54) ആണ് മരിച്ചത്. പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമകേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
പെരളശ്ശേരിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ഏഴുപേരടങ്ങുന്ന സംഘം. മടക്കയാത്രയില്‍ ഉച്ചഭക്ഷണത്തിനായാണ് പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമകേന്ദ്രത്തിലെത്തിയത്. കൂടെവന്നവര്‍ ഭക്ഷണംകഴിക്കുന്നതിനിടെ ഡ്രൈവറായ ഫൈസല്‍ സെല്‍ഫിയെടുക്കാനായി പുഴക്കരയിലേക്ക് പോയി.
മത്സ്യ കൃഷിക്കായി മരപ്പലകയില്‍ തീര്‍ത്ത തടയണയ്ക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ പലക ഇളകി പുഴയില്‍വീണ ഫൈസലിന്റെ നിലവിളി കേട്ടാണ് കൃഷ്ണദാസ് പുഴയില്‍ ചാടിയത്. ശക്തിയായ ഒഴുക്കുള്ളതിനാല്‍ കൃഷ്ണദാസും ഒഴുക്കില്‍പ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കളാണ് ഇരുവരെയും കരക്കെത്തിച്ചത്. സ്ഥലത്തെത്തിയ പിണറായി എസ്.ഐ. പി.വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും ആശുസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കൃഷ്ണദാസ് മരിച്ചു.
ഫൈസല്‍ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്. കൃഷ്ണദാസിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലാണ്.