കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ജമ്മു കാശ്മീരിലെ കേന്ദ്രം നിയോഗിച്ച മദ്ധ്യസ്ഥനുമായിരുന്ന ദിനേശ്വർ ശർമ്മ അന്തരിച്ചു. 1979 ബാച്ച് കേരളകേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ശർമ്മ 1991 ജനുവരിയിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടറായി. ഈ സമയം കാശ്മീരിലെ കലാപത്തിനെതിരെയും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെയും സമർത്ഥമായി ശർമ്മ കൈകാര്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് പിന്നീട് 2017ൽ ജമ്മു കാശ്മീരിലെ മദ്ധ്യസ്ഥനായി ശർമ്മയെ കേന്ദ്രസർക്കാർ നിയമിച്ചത്. കാസർകോട് ജില്ലാ പോലീസ് ചീഫായും ദിനേശ്വർ ശർമ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവിലാണ് ഡി വൈ എഫ് എഫ് ഐ നടത്തിയ വഴി തടയൽ സമരം പോലീസ് വെടി വെപ്പിൽ കലാശിച്ചത്. വെടി വെപ്പിൽ ബാലകൃഷ്ണൻ എന്ന യുവാവ് മരിച്ചു. അക്രമത്തിൽ ദിനേശ്വർ ശർമ്മ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
1997ൽ ഇന്ത്യൻ പൊലീസ് മെഡലും 2003ൽ പ്രസിഡന്റിന്റെ പൊലീസ് മെഡലും നേടിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്രമോദി ശർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചു. ‘ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിൽ ദീർഘനാളത്തേക്ക് നിലനിൽക്കുന്ന മികച്ച തീരുമാനങ്ങൾ നടപ്പാക്കിയ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും ദിനേശ്വർ ശർമ്മയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.