ലീഗ് മുഖപത്രത്തിനെതിരെ ജിഫ്രി തങ്ങൾ. ലീഗ് മുഖപത്രം ‘ചന്ദ്രിക’ തെറ്റായ വാർത്ത നൽകിയെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ലീഗ് വിമതരെ തോൽപ്പിക്കാൻ താൻ പറഞ്ഞെന്ന ചന്ദ്രിക വാർത്ത അടിസ്ഥാനരഹിതമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചന്ദ്രികയിൽ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ചന്ദ്രിക വാർത്ത തിരുത്തുമെന്നാണ് കരുതുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ഇന്നത്തെ ചന്ദ്രിക ദിനപത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ എന്നെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനമംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നുവെന്നല്ലാതെ ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചു.