കാഞ്ഞങ്ങാട്: ഒരു കാലത്ത് മുസ്്ലീം ലീഗിന്റെ തകർക്കാനാവാത്ത ഉരുക്ക് കോട്ടയായി വിശേഷിപ്പിച്ചിരുന്ന പടന്ന ഗ്രാമ പഞ്ചായത്ത് വേർപെട്ടതോടെ യുഡിഎഫിന്റെയും വിശിഷ്യാ മുസ്്ലീം ലീഗിന്റെയും വോട്ട് ബാങ്കിലുണ്ടായ വോട്ട് ചോർച്ച പഞ്ചായത്ത് ഭരണത്തിലും മാറിമറിഞ്ഞ് കൊണ്ടിരിക്കുന്നു. പടന്നയെ വിഭജിച്ച് 1978– ലാണ് വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപം കൊണ്ടത്.
പഞ്ചായത്ത് വിഭജനത്തിന് ശേഷം 15 വർഷം ഇടതു ഭരണത്തിലായിരുന്ന പടന്ന ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ തവണ യുഡിഎഫ് തിരിച്ച് പിടിക്കുകയുണ്ടായി. പഞ്ചായത്ത് നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം മുസ്്ലീം ലീഗിനുണ്ടെങ്കിലും, അട്ടിമറി വിജയത്തിലൂടെ പടന്ന തിരിച്ചു പിടിക്കാനാവുമെന്നാണ് ഇടതു മുന്നണി കണക്ക് കൂട്ടുന്നത്.
ലീഗ് എം. എൽ. ഏ, എം. സി. ഖമറുദ്ദീന്റെ ജന്മനാടായ എടച്ചാക്കൈ ഉൾപ്പെട്ട പടന്ന ഗ്രാമ പഞ്ചായത്തിൽ ഫാഷൻ ഗോൾഡ് നിക്ഷേപത്തിൽ പണം നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇതിലേറെയും പാവപ്പെട്ടവരും ഇടത്തരക്കാരുമായതിനാൽ തിരഞ്ഞടുപ്പിലും ഇതൊരു തദ്ദേശ വിഷയമാണ്. പണം നഷ്ടപ്പെട്ടവരിൽ നല്ലൊരു വിഭാഗം മുസ്്ലീം ലീഗുകാരോ അവരുമായി ബന്ധപ്പെട്ടവരോ ആണെന്നുള്ളതും വിഷയത്തിൽ മുസ്്ലീം ലീഗ് നേതൃത്വം കൈക്കൊണ്ട നിലപാടും തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ എത്ര കണ്ട് വോട്ടായി മാറുമെന്നത് പ്രവചനാതീതമാണ്.
ഉദിനൂർ വില്ലേജിൽ സിപിഎമ്മിനാണ് മേൽക്കൈ എന്നാൽ പടന്ന വില്ലേജിൽ മുസ്്ലീം ലീഗുൾപ്പെട്ട യുഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ട്. സീറ്റ് വിഭജനത്തിൽ ലീഗും കോൺഗ്രസ്സും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഏറെക്കുറെ പരിഹരിക്കാൻ സാധ്യമായി എന്നത് ആശ്വാസകരമാണ്. ജമാ അത്തെ ഇസ്്ലാമിയുടെ വെൽഫെയർ പാർട്ടിക്കും പടന്നയിൽ സ്വാധീന മേഖലകളുണ്ട്. അതും യുഡിഎഫിന് ഗുണകരമായി മാറും.
കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന പി. സി. സുബൈദയുൾപ്പടെ ഇത്തവണ ഗ്രാമ പഞ്ചായത്തിലേക്ക് മൽസരിക്കുന്നുണ്ട്. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പന്ത്രണ്ടാം വാർഡ് പി. സി. സുബൈദ യെ മുൻ നിർത്തി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇടതു മുന്നണി നടത്തുന്നത്. നിലവിൽ യുഡിഎഫിന്റെ കൈവശമുള്ള പത്താം വാർഡും പന്ത്രണ്ടാം വാർഡും വിജയിക്കാനായാൽ പടന്ന ഗ്രാമപഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് ലഭ്യമാവുമെന്ന കണക്ക് കൂട്ടലിലാണ് ഇടത് മുന്നണി.
യുഡിഎഫ് അനുകൂല നിലപാടുള്ള വെൽഫെയർ പാർട്ടിയുടെ പിന്തുണയിൽ പടന്ന ഗ്രാമപഞ്ചായത്തിൽ തുടർഭരണ പ്രതീക്ഷ പുലർത്തുന്ന യുഡിഎഫിന് അനുകൂല നിലപാടുകളുണ്ടെങ്കിലും, ഫാഷൻ ഗോൾഡ് വിഷയം പ്രതി കൂലമായേക്കുമോ എന്ന ഭയപ്പാടും മുസ്്ലീം ലീഗിനുണ്ട്. ആറ് വാർഡുകളിൽ ബിജെപിയും, രണ്ടിടത്ത് എസ്ഡിപിഐയും മൽസര രംഗത്തുണ്ടുണ്ടെങ്കിലും, ഇരുപാർട്ടികളും വിജയത്തോടടുക്കാനുള്ള സാധ്യത കുറവാണ്.